Image

ബേക്കൽ കോട്ട കാണാൻ സഞ്ചാരികളുടെ വൻ ഒഴുക്ക്; എത്തിയത് 3.94 ലക്ഷം പേർ

Published on 14 October, 2026
ബേക്കൽ കോട്ട കാണാൻ സഞ്ചാരികളുടെ വൻ ഒഴുക്ക്; എത്തിയത്  3.94 ലക്ഷം പേർ

നാല് നൂറ്റാണ്ടിൻ്റെ  പ്രൗഢിയുള്ള ബേക്കൽ കോട്ട കാണാൻ വീണ്ടും സഞ്ചാരികളുടെ വൻ ഒഴുക്ക്. 2025-26 സാമ്പത്തിക വർഷത്തിൽ (2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ) 3,94,000 സഞ്ചാരികളാണ് ഈ ചരിത്ര സ്മാരകം സന്ദർശിക്കാനെത്തിയത്. ഇതിൽ 689 പേർ വിദേശ സഞ്ചാരികളാണ്. 15 വയസ്സിൽ താഴെ രണ്ടു ലക്ഷത്തോളം വിദ്യാർഥികളും (ടിക്കറ്റ് ഇല്ലാതെ ) എത്തിയിട്ടുണ്ട്.

2025 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ആണ് കൂടുതൽ സഞ്ചാരികൾ കോട്ട കാണാനെത്തിയത്. ഏപ്രിലിൽ 42,822 പേരും ഒക്ടോബറിൽ 42,208 പേരും എത്തി. മറ്റു മാസങ്ങളിൽ ഇരുപതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിലായിരുന്നു സന്ദർശകരുടെ എണ്ണം.

വിദേശ സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിയത് തണുപ്പുകാലത്താണ്. 2026 ജനുവരിയിൽ 151 ഉം ഫെബ്രുവരിയിൽ 111 ഉം വിദേശികൾ ബേക്കലിൻ്റെ ഭംഗി ആസ്വദിക്കാനെത്തി. കഴിഞ്ഞ വർഷം (2024-ൽ) 3,84,008 സഞ്ചാരികളായിരുന്നു ഇവിടെയെത്തിയത്. ബേക്കലിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സന്ദർശക അനുപാതം രേഖപ്പെടുത്തിയത് 2018-ലാണ്, 4,60,278 പേർ.

പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബേക്കൽ കോട്ടയെന്ന ചരിത്ര നിര്‍മിതി ഇന്ന്‌  കാസർകോട് ജില്ലയുടെതന്നെ മേല്‍വിലാസമായി നിലകൊളളുന്നു.

പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ്‌ കോട്ട തലയുയർത്തി നിൽക്കുന്നത്. വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിനു സമാനമാണ്‌. 12 മീറ്റര്‍ ഉയരത്തിലാണ്‌ മതിലുകള്‍ പണിതിട്ടുളളത്‌. പുരാതനമായ കദംബ രാജവംശമാണ്‌ ഈ കോട്ട നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന്‌ കോലത്തിരി രാജാക്കന്മാരും, മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി.

വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടു കൂടിയ ജലസംഭരണിയും തുരങ്കവുമാണ്‌ കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന നിര്‍മിതികള്‍. കോട്ടയ്‌ക്ക് സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഒരു മസ്ജിദുമുണ്ട്‌. കോട്ടയില്‍ നിന്ന്‌ ഒരു കിലോമീറ്റർ മാത്രം അകലെയാണ്  അതിമനോഹരമായ ബേക്കല്‍ കടല്‍ത്തീരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക