
കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ (32) എന്ന യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. സിനഗോഗ് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബോർഡുകൾക്കാണ് പ്രതി തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ദുരൂഹമായ ചാറ്റുകൾ കണ്ടെത്തിയതായി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ വ്യക്തമാക്കി. ഫോണിന്റെ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിൽ, മറ്റൊരാളുടെ നിർദ്ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. ഫോണിലെ ചാറ്റുകളിലും തീവെപ്പിനെക്കുറിച്ച് പരാമർശമുണ്ട്. ഇയാളുമായി മുൻപ് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാൾ ആരുമായാണ് ആശയവിനിമയം നടത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു കേന്ദ്രമായതിനാൽ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ഡിസിപി കൂട്ടിച്ചേർത്തു.
കാറിലെത്തിയ എബിൻ പോൾ നഴ്സറി പരിസരത്ത് പെട്രോളൊഴിച്ച് ദൂരെനിന്ന് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒരു അക്വേറിയം കൂടി ഉൾപ്പെടുന്ന നഴ്സറിക്ക് പിന്നിലാണ് സിനഗോഗ് സ്ഥിതി ചെയ്യുന്നത്. കൃത്യം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കാറിന്റെ രജിസ്ട്രേഷൻ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുത്തൻകുരിശിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് സിന്തറ്റിക് ലഹരിമരുന്നുകളും ഹെറോയിനും കണ്ടെടുത്തു