Image

സൗദി അരാംകോ ആസ്ഥാനത്തിന് നേരെ ഹൂതി ആക്രമണം

Published on 14 October, 2026
സൗദി അരാംകോ ആസ്ഥാനത്തിന് നേരെ ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ നഗരമായ ദഹ്റാനിലുള്ള ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനത്തെ ഭരണനിർവഹണ കെട്ടിടത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് കമ്പനി ആസ്ഥാനത്തുണ്ടായ ചെറിയ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഹൂതികൾ, അവിടെ ജോലി ചെയ്യുന്ന ജീവനക്കാരോടും സമീപവാസികളായ സിവിലിയന്മാരോടും പ്രദേശം ഒഴിഞ്ഞ് പോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

 ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലെ 'യെമനി ഓയിൽ കമ്പനി'യുടെ അൽ-സബാ സെൻട്രൽ സ്റ്റേഷൻ മേഖലയിൽ നിന്ന് സിവിലിയന്മാരോട് ഒഴിയാൻ സൗദി സഖ്യസേന ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ മുന്നറിയിപ്പ് വന്നത്. തുടർന്ന് അൽ-സബാ പ്രദേശത്തെ എണ്ണ കേന്ദ്രത്തിന് നേരെ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഹൂതി മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക