Image

ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച യുവ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരാഞ്ജലി

പി പി ചെറിയാന്‍ Published on 14 October, 2026
ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച യുവ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരാഞ്ജലി

സൗത്ത് ഡാക്കേറ്റ: ഡ്യൂട്ടിക്കിടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 26 കാരിയായ ഷെരീഫ് ഡെപ്യൂട്ടി കാതറിന്‍ ഫ്രാങ്ക്  അന്തരിച്ചു. സിയൂസ് ഫോള്‍സിലെ  ഒരു വീട്ടില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഫ്രാങ്കിന് വെടിയേറ്റത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന അവര്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മിനെഹാഹ കൗണ്ടിയിലെ ഒരു വീട്ടില്‍ വെടിയൊച്ച ഉയര്‍ന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഫ്രാങ്കിനും പരിക്കേറ്റ പ്രതിക്കും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവയവ ദാനത്തിലൂടെ മരണശേഷവും മറ്റുള്ളവര്‍ക്ക് തുണയായി മാറിയാണ് കാതറിന്‍ ഫ്രാങ്ക് യാത്രയായതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

സംഭവത്തില്‍ 39കാരനായ ബ്രാന്‍ഡന്‍ ജോണ്‍ ഔട്‌കെന്‍  എന്ന പ്രതിക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ ജാമ്യമില്ലാതെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് ഡാക്കേറ്റ ഡിവിഷന്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫ്രാങ്കിന്റെ വിയോഗത്തില്‍ സൗത്ത് ഡാക്കേറ്റ അറ്റോര്‍ണി ജനറല്‍ മാര്‍ട്ടി ജാക്ലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക