Image

‘മസ്കിനെ തടയൂ, പ്രഭുത്വാധിപത്യം അവസാനിപ്പിക്കൂ’; റിപ്പബ്ലിക്കൻ പാർട്ടിക്കായി 366 മില്യൺ ഡോളർ ചെലവഴിക്കുന്നതിനെതിരെ സാൻഡേഴ്സ്

Published on 13 October, 2026
‘മസ്കിനെ തടയൂ, പ്രഭുത്വാധിപത്യം അവസാനിപ്പിക്കൂ’; റിപ്പബ്ലിക്കൻ പാർട്ടിക്കായി 366 മില്യൺ ഡോളർ ചെലവഴിക്കുന്നതിനെതിരെ സാൻഡേഴ്സ്

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി ഇലോൺ മസ്ക് 366 മില്യൺ ഡോളർ ചെലവഴിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. സമ്പന്നരായ വ്യക്തികൾ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിൽ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ച സാൻഡേഴ്സ്, ‘മസ്കിനെ തടയൂ, പ്രഭുത്വാധിപത്യം അവസാനിപ്പിക്കൂ’ എന്ന ആഹ്വാനവും നടത്തി.

തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സാൻഡേഴ്സ് മസ്കിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മസ്കിന്റെ സമ്പത്തിൽ വൻ വർധനയുണ്ടായെന്നും എന്നിട്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ അധികാരം നിലനിർത്താൻ അദ്ദേഹം വീണ്ടും വൻതുക ചെലവഴിക്കുകയാണെന്നും സാൻഡേഴ്സ് ആരോപിച്ചു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി മസ്ക് 290 മില്യൺ ഡോളർ ചെലവഴിച്ചുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ സമ്പത്ത് 696 ബില്യൺ ഡോളർ വർധിച്ചുവെന്നും സാൻഡേഴ്സ് അവകാശപ്പെട്ടു. ലോകത്തിലെ ആദ്യത്തെ ട്രില്യണയറായ മസ്‌ക്, കോൺഗ്രസിൽ റിപ്പബ്ലിക്കൻ നിയന്ത്രണം നിലനിർത്തുന്നതിനായി 366 മില്യൺ ഡോളർ ചെലവഴിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ന്യൂയോർക്ക് ടൈംസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ജൂലൈ മുതൽ മാത്രം മസ്ക് 276 മില്യൺ ഡോളർ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 158 മില്യൺ ഡോളർ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന സൂപ്പർ പിഎസിക്കു വേണ്ടിയായിരുന്നു. ഈ വർഷം അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ രാഷ്ട്രീയ സംഭാവനദാതാവായി മസ്ക് മാറിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

മസ്കിന്റെ സാമ്പത്തിക പിന്തുണ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്തുപകരുന്നതായി അമേരിക്ക പിഎസി വക്താവ് ആൻഡ്രൂ റോമിയോ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വിജയസാധ്യത നിലനിർത്താൻ ആവശ്യമായ സന്ദേശങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാൻ ഈ നിക്ഷേപങ്ങൾ സഹായിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

രാഷ്ട്രീയത്തിൽ അതിസമ്പന്നരുടെ സ്വാധീനം വർധിക്കുന്നതിനെതിരെ ദീർഘകാലമായി നിലപാടെടുക്കുന്ന സാൻഡേഴ്സ്, മസ്കിന്റെ സമ്പത്തും രാഷ്ട്രീയ ചെലവുകളും അമേരിക്കൻ ജനാധിപത്യത്തിൽ സാമ്പത്തിക ശക്തി ചെലുത്തുന്ന സ്വാധീനത്തിന്റെ ഉദാഹരണമാണെന്ന് വാദിക്കുന്നു.

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിലേക്ക് സ്റ്റാർലിങ്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും മസ്ക് അടുത്തിടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇന്ത്യയിലെ ശക്തരായ ചില വ്യവസായ താൽപര്യക്കാർ തങ്ങളുടെ വിപണി ആധിപത്യം നിലനിർത്തുന്നതിനായി സ്റ്റാർലിങ്കിന്റെ പ്രവേശനം തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ഇന്ത്യൻ ജനതയുടെ മേൽ കുത്തക നിയന്ത്രണം നിലനിർത്തുന്നതിനായി ചില ശതകോടീശ്വരന്മാർ സ്റ്റാർലിങ്കിനെ തടയുകയാണെന്നായിരുന്നു എക്സിലെ മസ്കിന്റെ ആരോപണം. എന്നാൽ ആരോപണവിധേയരായ വ്യവസായികളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ഇതിന് മറുപടിയായി, സാറ്റലൈറ്റ് ആശയവിനിമയ സേവനങ്ങൾ ഉൾപ്പെടെയുള്ള ടെലികോം സേവനങ്ങൾക്ക് നീതിപൂർവവും വിവേചനരഹിതവുമായ അംഗീകാര ചട്ടക്കൂടാണ് ഇന്ത്യയിലുള്ളതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

നോൺ-ജിയോസ്റ്റേഷനറി സാറ്റലൈറ്റ് ഓർബിറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് സേവനങ്ങൾക്ക് മൂന്ന് ആഗോള കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നും അവയുടെ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ഉപയോക്താക്കളുടെയും അവരുടെ വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈസൻസുള്ള എല്ലാ കമ്പനികളും നിബന്ധനകൾ പാലിക്കണം. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയശേഷം സ്പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ വിപണി കുത്തകവൽക്കരണത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന മസ്ക്, അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അധികാരം നിലനിർത്താൻ നൂറുകണക്കിന് മില്യൺ ഡോളർ ചെലവഴിക്കുന്നുവെന്നത് രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക