
വാഷിങ്ടൺ: നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൗസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാര, താരിഫ്, വിസ നയങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുമെന്ന് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രവചന വിപണികളിലെയും അഭിപ്രായ സർവേകളിലെയും കണക്കുകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ സാഹചര്യം സൂചിപ്പിക്കുന്നതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
കണക്കുകൾ പ്രകാരം ഹൗസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത 90 ശതമാനമാണ്. സെനറ്റിൽ ഭൂരിപക്ഷം നേടാനുള്ള സാധ്യത 62 ശതമാനമായും ഇരു സഭകളിലും ഒരേസമയം നിയന്ത്രണം നേടാനുള്ള സാധ്യത 61 ശതമാനമാണെന്നാണ് വിലയിരുത്തൽ.
സിൽവർ ബുള്ളറ്റിന്റെ ഏറ്റവും പുതിയ സർവേ അനുസരിച്ച് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് 8.8 ശതമാനം പോയിന്റിന്റെ മുൻതൂക്കമുണ്ട്. സെപ്റ്റംബർ ആദ്യം തുടങ്ങിയ ഡെമോക്രാറ്റുകളുടെ മുന്നേറ്റം ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപിന്റെ ഭരണപ്രകടനത്തെക്കുറിച്ചുള്ള ജനാഭിപ്രായം റിപ്പബ്ലിക്കൻ പാർട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സിബിഎസ് ന്യൂസ്–യൂഗോവ് നടത്തിയ സർവേയിൽ 39 ശതമാനം പേർ മാത്രമാണ് ട്രംപിന്റെ ഭരണപ്രകടനത്തെ അംഗീകരിച്ചത്. 61 ശതമാനം പേർ വിയോജിപ്പ് രേഖപ്പെടുത്തി. പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിൽ 29 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്.
ഹൗസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാൽ ട്രംപ് ഭരണകൂടത്തിനെതിരെ അന്വേഷണങ്ങൾ നടത്താനും സാക്ഷികളെ വിളിച്ചുവരുത്താനും വിവിധ സമിതികളുടെ പ്രവർത്തനം നിയന്ത്രിക്കാനും കൂടുതൽ അധികാരം ലഭിക്കും. ട്രംപ്, അദ്ദേഹത്തിന്റെ കുടുംബം, ഭരണകൂടം എന്നിവയെ കേന്ദ്രീകരിച്ചുള്ള വിപുലമായ പരിശോധനാ നടപടികൾക്ക് ഡെമോക്രാറ്റുകൾ തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2027 മധ്യത്തോടെ യുഎസ് കടമെടുപ്പ് പരിധി വീണ്ടും ഉയർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് ഹൗസ് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണെങ്കിൽ കടപരിധി ഉയർത്തുന്നതിനുള്ള ബജറ്റ് അനുരഞ്ജന നടപടികൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രയാസകരമാകുമെന്ന് മുതിർന്ന ഗവേഷകനായ മാക്സ് യോലി ചൂണ്ടിക്കാട്ടി.
എന്നാൽ വിദേശനയത്തിൽ ഡെമോക്രാറ്റുകളുടെ എതിർപ്പ് പ്രധാനമായും രാഷ്ട്രീയ സമ്മർദത്തിലും പൊതുചർച്ചകളിലുമാകും ഒതുങ്ങുകയെന്നും പ്രസിഡന്റിന്റെ വീറ്റോ മറികടക്കാനുള്ള അംഗബലം ഇല്ലാത്തത് പരിമിതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ സ്വീകരിച്ച താരിഫ് നടപടികൾ ഹൗസിൽ കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കും വിധേയമായേക്കും. താരിഫുകളിൽ മാറ്റം വരുത്താൻ ഡെമോക്രാറ്റുകൾക്ക് ഹിയറിങ്ങുകൾ നടത്താനും വോട്ടെടുപ്പുകൾ ആവശ്യപ്പെടാനും കഴിയുമെങ്കിലും പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉൾപ്പെടെയുള്ള ഭരണഘടനാപരമായ പരിമിതികൾ നിലനിൽക്കും.
റഷ്യയിൽനിന്ന് ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ഗ്രഹാം നിയമപ്രകാരമുള്ള അധിക താരിഫ് നിർദേശങ്ങളും കോൺഗ്രസിന്റെ പരിശോധനയ്ക്ക് വിധേയമായേക്കും. താരിഫ് ഏർപ്പെടുത്തുന്നതിന് കുറഞ്ഞത് പത്തുദിവസം മുമ്പ് ഭരണകൂടം കോൺഗ്രസിന് രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഈ നടപടികൾ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഡെമോക്രാറ്റുകൾ വിശദീകരണം തേടിയേക്കും.
കോൺഗ്രസിന്റെ അംഗീകാരം ആവശ്യമായ ഇന്ത്യ–യുഎസ് വ്യാപാര കരാറുകൾക്കും ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന ഹൗസ് കൂടുതൽ സൂക്ഷ്മമായ പരിശോധന നേരിടേണ്ടിവന്നേക്കാം.
പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിയും ഇന്ത്യൻ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
സെപ്റ്റംബർ 30-ന് കാലിഫോർണിയയിലെ ഫെഡറൽ കോടതി ഈ ഫീസ് നടപ്പാക്കുന്നത് തടഞ്ഞിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം ഒൻപതാം സർക്യൂട്ട് അപ്പീൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫീസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കോൺഗ്രസ് ഹിയറിങ്ങുകൾ നടത്താനും സർക്കാർ ചെലവുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലൂടെ നടപടിയെ സ്വാധീനിക്കാനും ഡെമോക്രാറ്റുകൾക്ക് ശ്രമിക്കാം. എച്ച്-1ബി വിസ ലഭിക്കുന്നവരിൽ ചരിത്രപരമായി ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാർക്കായതിനാൽ ഈ വിഷയം ഇന്ത്യൻ ഐടി മേഖലയ്ക്കും യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഏറെ പ്രധാനപ്പെട്ടതാണ്.
റോ ഖന്ന, ആമി ബേറ, പ്രമീള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം എന്നീ ഇന്ത്യൻ വംശജരായ നാല് ഡെമോക്രാറ്റിക് ജനപ്രതിനിധികൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇവരുടെ മണ്ഡലങ്ങൾ ഡെമോക്രാറ്റുകൾക്ക് സുരക്ഷിതമെന്നാണ് നിലവിലെ വിലയിരുത്തൽ.
നിലവിലെ ഹൗസിൽ ആറ് ഇന്ത്യൻ വംശജരായ അംഗങ്ങളാണുള്ളത്. സെനറ്റിലേക്ക് മത്സരിക്കുന്നതിനായി റോ ഖന്ന സീറ്റ് ഒഴിഞ്ഞെങ്കിലും ഇല്ലിനോയിയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ രാജാ കൃഷ്ണമൂർത്തി പരാജയപ്പെട്ടു. ഓഗസ്റ്റിൽ നടന്ന മിഷിഗൺ പ്രൈമറിയിൽ ശ്രീ താനേദാറും പരാജയപ്പെട്ടിരുന്നു.
ആകെ 435 വോട്ടവകാശമുള്ള അംഗങ്ങളാണ് യുഎസ് ഹൗസിലുള്ളത്. ഭൂരിപക്ഷത്തിന് 218 സീറ്റുകൾ വേണം. നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൗസിലെ എല്ലാ സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.