
പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് എന്നിവ ഒഴിവാക്കിയാണ് ഭൂപടത്തിൽ ഇഎസ്എ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശബരിമലയിലെ ബഫർസോൺ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പുതിയ ഭൂപടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയ്ക്കൊപ്പം പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നീലിമല പാതയെയും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വാമി അയ്യപ്പൻ പാതയെ ഒഴിവാക്കിയിട്ടില്ല. പമ്പയിൽ നിന്ന് പെരുനാട് വരെയുള്ള ശബരിമല പാത ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കം പ്രധാനമായും ഈ പാതയിലൂടെയാണ് നടക്കുന്നത്.
ശബരിമല പൂങ്കാവനത്തോട് ചേർന്ന വനമേഖല പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായതിനാൽ ബഫർസോൺ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർബന്ധമായതിനാൽ ശബരിമലയും പമ്പയും ഈ പരിധിയിൽ ഉൾപ്പെടും.
ഇതോടെ പ്രദേശത്ത് പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ ആവശ്യമായി വരാം. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ അംഗീകരിക്കപ്പെട്ടാലും ബഫർസോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.