
ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് ഫ്ലൈറ്റ് തട്ടിയെടുക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ടു രണ്ടു ഫ്‌ളൈദുബായ് പൈലറ്റുമാരെ കൂടെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന കുറ്റമാണ് മാലദ്വീപ് സ്വദേശികളായ ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്.
ഇരുവരും ഇസ്രയേലിലേക്കു പറന്നിട്ടുണ്ടെന്നും കുറ്റം ചുമത്തപ്പെട്ട ഫ്‌ളൈദുബായ് കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുമായി ബന്ധപ്പെട്ടിരുന്നു എന്നും മാലദ്വീപ് പത്രങ്ങൾ അറിയിച്ചു.
യു എ ഇ ഔദ്യോഗികമായി അറിയിപ്പൊന്നും നൽകിയിട്ടില്ല.
ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ഹമ്മാമി ആക്രമിച്ചപ്പോൾ യാത്രക്കാർ ഇടപെട്ട നേരത്തു വിമാനത്തിലെ ചില ജീവനക്കാർ അക്രമിയെ രക്ഷിക്കാൻ ശ്രമിച്ചെന്നു ചില യാത്രക്കാർ ആരോപിച്ചിരുന്നു. ഹമ്മാമി ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന പ്രാഥമിക നിഗമനം തിരുത്തുന്നതാണ് പുതിയ അറസ്റ്റുകൾ.
ആറു മാലദ്വീപ് പൈലറ്റുമാർ ഫ്‌ളൈദുബായിയിൽ ജോലി ചെയ്യുന്നുണ്ട്.
വിമാനം ടെൽ അവീവിൽ ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് ഹമ്മാമി ഉദ്ദേശിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ചയാണ് മാലദ്വീപുകാരെ അറസ്റ്റ് ചെയ്തത്. അക്കാര്യം യു എ ഇ അധികൃതർ അവരുടെ കുടുംബങ്ങളെ അറിയിച്ചതായി മാലദ്വീപിന്റെ 'അധാതു' പത്രം റിപ്പോർട്ട് ചെയ്തു.
Two more flydubai pilots arrested