Image

മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണം : വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

Published on 13 October, 2026
മുതിര്‍ന്ന പൗരന്‍മാരുടെ  അവകാശ സംരക്ഷണം : വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്നപൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏതാനും അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളോടെ ബില്‍ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ടു വച്ച തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായ ഈ ബില്‍ അവതരിപ്പിക്കുന്നത് തികഞ്ഞ അഭിമാനത്തോടെയാണെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി ബില്‍ അവതരണത്തിലേക്കു കടന്നത്.

ഈ ബില്‍ പാസാകുന്നതോടെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ കാര്യത്തില്‍ കേരളം ലോകത്തിനു മാതൃകയാകുകയാണ്. ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു പ്രത്യേക വകുപ്പുണ്ടാക്കിയത് കേരളമാണ്. തെരഞ്ഞെടുപ്പു കാലത്ത് കൊടുത്ത വാഗ്‌ദാനം എന്ന നിലയില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച ഒരു തീരുമാനം തത്വത്തില്‍ എടുത്തു. ജനസംഖ്യാ പരമായി കേരളത്തില്‍ വിലയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡിമോഗ്രാഫിക് ഡിവിഡൻ്റ് എന്ന് നമ്മള്‍ അവകാശപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം ചുരുങ്ങുകയാണ്.

ബില്ലിലൂടെ കൊണ്ടു വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വകുപ്പ് പൂര്‍ണമായും ക്ഷേമ കാര്യങ്ങള്‍ക്കുള്ളതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അതില്‍ ക്ഷേമം ഒരു ഘടകം മാത്രമാണ്. പ്രധാനം സില്‍വര്‍ ഇക്കോണമിയാണ്.60 വയസു കഴിഞ്ഞ ആളുകളുടെ ജീവിത പരിചയവും ജ്ഞാനവും നമ്മുടെ സമൂഹത്തിൻ്റെ പുരോഗതിക്കായി മാറ്റണം.

ജപ്പാനാണ് ഇക്കാര്യം പുരോഗമനപരമായി മാറ്റിയത്. ചില രാജ്യങ്ങളില്‍ 60 കഴിഞ്ഞ അധ്യാപകരെ റിട്ടര്‍ ചെയ്യാന്‍ അനുവദിക്കാറില്ല. അവരുടെ അറിവ് അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിനാകെയുള്ള നഷ്ടമായാണ് അവര്‍ കണക്കാക്കുന്നത്. നമുക്ക് അതിനുകഴിയില്ല. പക്ഷേ അവരുടെ സേവനം നമുക്ക് പ്രയോജനപ്പെടുത്താനാകണം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക ജ്ഞാനം ഈ വിഭാഗത്തില്‍ നിന്നു പ്രദാനം ചെയ്യാന്‍ നമുക്ക് സാധിക്കും.

ഇവരുടെ സേവനം സംസ്ഥാനത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ ന്യൂതനമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. പലവിധ സഹായം ആവശ്യമുള്ളവരുടെ ഡേറ്റ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. എല്ലാ വാര്‍ഡുകളിലും മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണത്തിനായി അയല്‍ക്കൂട്ടം മാതൃകയില്‍ ഒരു യൂണിറ്റ് രൂപീകരിക്കും. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കാണെന്ന തോന്നലില്ലാതാക്കണം. അവരുടെ സംരക്ഷണവും പരിചരണവും അവരുടെ അവകാശമാക്കി മാറ്റുകയാണ് ബില്ലിൻ്റെ ലക്ഷ്യം. അടുത്ത വര്‍ഷം മുതല്‍ പരിചരണം നല്‍കുന്ന ആളുകളെ സൃഷ്ടിക്കാനുള്ള ഒരു കോഴ്‌സ് ആരംഭിക്കും.

മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്യുന്നത്. സ്വത്തോ മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളോ തട്ടിയെടുക്കാൻ ശ്രമിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. വയോജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും.

ഇവരുടെ പരാതികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. ഇതിനുപുറമെ, അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി വയോജന അയൽപക്ക സൗഹൃദ ശൃംഖലയും രൂപീകരിക്കും.

 സൈബർ തട്ടിപ്പുകളിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കാൻ അതിവേഗ നടപടിക്രമങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതാന്ത്യത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന 'ലിവിങ് വിൽ' തയ്യാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക