
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും പകർപ്പ് പുറത്ത്. മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണംവെളുപ്പിക്കൽ കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒന്നാംപ്രതി. പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയും എക്‌സാലോജിക് ഉടമയുമായ ടി വീണ, രണ്ടുകേസുകളിലും പ്രതിയാണ്.
ഗൂഢാലോചനാകുറ്റമാണ് പിണറായി വിജയനെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുവെന്നും വിജിലൻസ് എഫ്‌ഐആറിലുണ്ട്. പി എ മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്നും അനധികൃതമായി റിയാസും വീണയും പണം സമ്പാദിച്ചുവെന്നും രണ്ടാമത്തെ കേസിലെ എഫ്‌ഐആറിലുണ്ട്. മന്ത്രിയെന്ന പദവി ഉപയോഗിച്ചാണ് ഹവാലയും സമ്പാദ്യവുമെന്നും ആരോപണമുണ്ട്.
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. സിഎംആർഎൽ-എക്‌സാലോജിക് കൈക്കൂലി ഇടപാടുകേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയാണ് വീണാ ടി. മറ്റ് അഞ്ചുപേർകൂടി പ്രതിപ്പട്ടികയിലുണ്ട്.