
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടിക്കിടെ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനുമെതിരേ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
ഹർജിയിലെ നടപടിക്രമങ്ങൾ തിങ്കളാഴ്ച തന്നെ പൂർത്തിയാക്കാനും എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ച് ചൊവ്വാഴ്ച പരിഗണനയ്ക്കായി പട്ടികപ്പെടുത്താനും സുപ്രീം കോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ മാർച്ചിനിടെയാണ് ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങളിൽ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകാതിരിക്കുകയും കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തതോടെ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു.
വൈകിട്ട് 4.30-നുള്ള സമയപരിധിക്കുള്ളിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ എത്താൻ കഴിയാത്തതിനാൽ അഭിഭാഷകൻ എസ്. പ്രസന്നയാണ് അദ്ദേഹത്തിനുവേണ്ടി ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയെ മുഖ്യ ഹർജിക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്.