
തുശൂർ: കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്ത് കടക്കെണിയില്‍ പെട്ട സംവിധായകന്‍ മോഷണക്കേസില്‍ പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജാഹുസൈന്‍ (46) ആണ് ട്രെയിനില്‍ കവര്‍ച്ച നടത്തിയതിന് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.
മണ്ണാര്‍ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍വെച്ച് മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് കാജാഹുസൈന്‍ കുടുങ്ങിയത്.
മാന്യനായി യാത്ര ചെയ്യുന്ന പ്രതി, യാത്രക്കാരുടെ ശ്രദ്ധമാറുന്ന സമയത്താണ് മൊബൈല്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതില്‍ വിദഗ്ധനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ട്രെയിനുകളില്‍ ഫോണുകളും ലാപ്ടോപ്പുകളും തന്ത്രപരമായി മോഷണം നടത്തിയിരുന്നത്.

സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യാറുണ്ടായിരുന്ന ഇയാള്‍, സാഹചര്യം നിരീക്ഷിച്ച് ആസൂത്രിതമായാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. പോലീസിന്റെ പിടിയിലാകാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ നിലയിലാണ് ഇയാള്‍ പിടിയിലായത്.
മോഷണമുതല്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ചായക്കട തുടങ്ങാനുള്ള ശ്രമം നടത്തി വരുകയായിരുന്നു കാജാഹുസൈന്‍.
ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ് എച്ച് ഒ അനില്‍ മാത്യു, എസ് ഐമാരായ ഹരിദാസന്‍, മണികണ്ഠന്‍, എസ് സി പി ഒമാരായ സുരേഷ്, സജിത്ത്, നിഷാദ്, ശശിനാരായണന്‍, ഇന്റലിജന്‍സ് എ എസ് ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്‍ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്