Image

ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി സുപ്രീം കോടതി മാർച്ച്: അണിനിരന്ന് ആയിരങ്ങൾ

Published on 12 October, 2026
ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി സുപ്രീം കോടതി മാർച്ച്: അണിനിരന്ന് ആയിരങ്ങൾ

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് വൈകിട്ട് ആറോടെ അവസാനിപ്പിച്ചു. നേതാക്കള്‍ സമരമുഖത്തുനിന്നും മടങ്ങി. 

മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി  രജിസ്ട്രിയില്‍ എത്തി.രാഹുലിനൊപ്പം പ്രമുഖ അഭിഭാഷകരുമുണ്ട്. നേരത്തെ ഓണ്‍ലൈനായി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോടതിയില്‍ എത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും സംഘവും സുപ്രീം കോടതി രജിസ്ട്രിയിലെത്തിയത്.

എം.പിമാരെയും വഹിച്ചുകൊണ്ടുള്ള ബസുകൾ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് നീങ്ങിയപ്പോൾ ആയിരക്കണക്കിന് ആളുകളാണ് വാഹനത്തിന് മുന്നിലും പിന്നിലുമായി അണിനിരന്നത്. 

ബസുകൾ ബരാഖംബ റോഡിൽ എത്തിയതോടെ, അവിടെ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള തിലക് മാർഗിലെ സുപ്രീം കോടതിയിലേക്ക് എം.പിമാർ കാൽനടയായി നീങ്ങി. പിന്നീട് തുറന്ന ട്രക്കിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ട് പോയത്. വിവിധ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

അതിനിടെ, സി.ജെ.പി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ​ഗ്യാനേഷ് കുമാറിനെതിരായ തങ്ങളുടെ നിർദ്ദിഷ്ട പ്രതിഷേധത്തിനായി പുതിയ തീയതി തേടി തിങ്കളാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. ജന്തർ മന്തറിലെ പ്രകടനത്തിന് 24 മണിക്കൂറിനുള്ളിൽ ഡൽഹി പൊലീസ് തീയതി അനുവദിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് അശുതോഷ് റങ്ക മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക