
കോട്ടയം: കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കത്തിനിടയിൽ കോട്ടയം മണിമലയിൽ അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബർ 10) വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തുള്ള വീട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷ് കുറേ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നില്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ചാരുവേലിയിലെ വീട്ടിലെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം സന്തോഷ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളം വയ്ക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച മക്കളായ സച്ചുമായും സനോജുമായും ഇയാൾ വാക്കേറ്റവും വഴക്കും ഉണ്ടാക്കി. ഇതിനിടെ പ്രകോപിതനായ ഇളയ മകൻ സച്ചു കമ്പി ഉപയോഗിച്ച് സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ സന്തോഷ് വീടിന്റെ മുറ്റത്ത് പരിക്കുകളോടെ കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് സച്ചുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.