
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ പരിചരണവും സംരക്ഷണവും അവകാശങ്ങളും നിയമപരമായി ഉറപ്പാക്കുന്ന നിർണ്ണായകമായ വയോജന ക്ഷേമ ബിൽ ഒക്ടോബർ 13 ന് നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമം മുൻനിർത്തി സംസ്ഥാന-ജില്ലാ തലങ്ങളിൽ ശക്തമായ മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ അധ്യക്ഷനായി പ്രത്യേക ‘സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ്’ നിലവിൽ വരും.
ജില്ലാതലത്തിൽ വയോജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംരക്ഷണ ഫോറങ്ങളും പ്രത്യേക യൂണിറ്റുകളും രൂപീകരിക്കും. മുതിർന്ന പൗരന്മാർ സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതമായും അന്തസ്സോടെയും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ബില്ലിൽ പ്രാഥമിക പരിഗണന നൽകുന്നത്.
വൃദ്ധസദനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപന പരിചരണം അവസാന മാർഗ്ഗമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ, ക്രൂരത കാട്ടുകയോ, അനാഥമായി ഉപേക്ഷിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചരണദാതാക്കൾക്കും എതിരെ കർശന ശിക്ഷ ഉറപ്പാക്കും. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
ജീവിതാന്ത്യ ഘട്ടത്തിൽ തങ്ങൾക്ക് ലഭ്യമാക്കേണ്ട ചികിത്സാ മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി എഴുതിവെയ്ക്കാനുള്ള ‘ലിവിംഗ് വിൽ’ നിയമപരമായ അവകാശമായി ബിൽ അംഗീകരിക്കുന്നു.