
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനത്തിൽ സമഗ്രമായ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മലബാർ ദേവസ്വം ബോർഡിൻ്റെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും സമഗ്രമായ നടത്തിപ്പും നിയമപരമായ ഭേദഗതികളും ലക്ഷ്യമിട്ടുള്ള പ്രത്യേക ബില്ലാണ് സഭയിൽ അവതരിപ്പിക്കുന്നത്.
'മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്‌മെൻ്റ്സ് (ഭേദഗതി) ബിൽ, 2026' സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടുന്നതിനായി നിയമസഭയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവസ്വം ബോർഡിൻ്റെ അധികാരം ശക്തിപെടുത്താനും ക്ഷേത്ര ട്രസ്റ്റിമാരുടെ നിയന്ത്രണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമനിർമ്മാണമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ 1,403 ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡിന് കീഴിലുണ്ടെന്നും, അതിൽ 115 എണ്ണത്തിൽ നിന്ന് മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ പൂർണമായും സർക്കാർ സഹായത്തെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ മുരളീധരൻ, സർക്കാർ ക്ഷേത്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയാണെന്നും അവയുടെ ഫണ്ടിൽ നിന്ന് പണം എടുക്കുന്നില്ലെന്നും വ്യക്തമാക്കി.
എങ്കിലും, പഴയ നിയമപ്രകാരം പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡിനെ പുനഃസംഘടിപിക്കേണ്ടതുണ്ടെന്നും, നിലവിലെ അവസ്ഥ സർക്കാരിന് സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.