
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആസൂത്രണം ചെയ്ത മാർച്ചിന് മുന്നോടിയായി സുപ്രീം കോടതി മാർച്ചുമായി 'ഇന്ത്യ' മുന്നണി. എം.പിമാരെയും വഹിച്ചുകൊണ്ടുള്ള ബസുകൾ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് പുറപ്പെട്ടു.
ബസുകൾ ബരാഖംബ റോഡിൽ എത്തിയതോടെ, അവിടെ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള തിലക് മാർഗിലെ സുപ്രീം കോടതിയിലേക്ക് എം.പിമാർ കാൽനടയായി നീങ്ങാൻ സജ്ജരായി. വിവിധ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, സി.ജെ.പി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ഗ്യാനേഷ് കുമാറിനെതിരായ തങ്ങളുടെ നിർദ്ദിഷ്ട പ്രതിഷേധത്തിനായി പുതിയ തീയതി തേടി തിങ്കളാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. ജന്തർ മന്തറിലെ പ്രകടനത്തിന് 24 മണിക്കൂറിനുള്ളിൽ ഡൽഹി പൊലീസ് തീയതി അനുവദിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് അശുതോഷ് റങ്ക മുന്നറിയിപ്പ് നൽകി.