
നവംബർ 3 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 9 ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ എച്-1 ബി പ്രോഗ്രാമിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളോടുള്ള തിരിച്ചടി നേരിടുന്നു. ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധർ ദീർഘകാലമായി ആശ്രയിച്ചു വന്ന ഈ പ്രോഗ്രാം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്റ് ട്രംപ്.
ഇന്ത്യക്കാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയാറാവുന്നതു കൊണ്ട് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ തട്ടിയെടുക്കുകയാണെന്നു ട്രംപ് ഭരണകൂടം ആരോപിക്കുന്നു. എന്നാൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിൽ അതിനെതിരെ രോഷം കത്തി നിൽക്കുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു വെല്ലുവിളിയാവുന്നു.
എച്-1 ബിയിൽ വരുന്ന ഇന്ത്യക്കാരെ അടിമപ്പണിക്കാർ എന്നു വരെ വിളിക്കാൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് മടിച്ചില്ല. എച്-1 ബി അപേക്ഷകൾക്ക് ട്രംപ് $100,000 ഫീ ചുമത്തിയിട്ടുമുണ്ട്. പുറമേ, ഗ്രീൻ കാർഡ് നേടാനുള്ള PERM പ്രോഗ്രാമും എട്ടു പ്രമുഖ തൊഴിൽ ദാതാക്കൾക്കു മരവിപ്പിച്ചു.
ഒഹായോ ഗവർണർ മത്സരത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി ഇപ്പോൾ ഡെമോക്രാറ്റ് ആമി ആക്ടനേക്കാൾ പിന്നിലാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. റിപ്പബ്ലിക്കൻ വിജയങ്ങൾ തുടർച്ചയായി കണ്ട സംസ്ഥാനത്തു ഡെമോക്രാറ്റ് 4.8% വരെ ലീഡ് നേടിയെന്നാണ് അവ കാണിക്കുന്നത്.
ന്യൂ യോർക്കിൽ അറ്റോണി ജനറലാവാൻ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സരിത കോമാട്ടിറെഡ്ഢി ഇപ്പോഴത്തെ അറ്റോണി ജനറൽ ഡെമോക്രാറ്റ് ലെറ്റീഷ്യ ജെയിംസിനെക്കാൾ 13% പിന്നിലാണെന്ന് സിയന്ന പോൾ പറയുന്നു: 52-39.
യുഎസ് ഹൗസിലേക്കു മൂന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുണ്ട്: കാലിഫോർണിയ ഡിസ്‌ട്രിക്‌ട് 17ൽ ഡെമോക്രാറ്റ് റെപ്. റോ ഖന്നയ്ക്കെതിരെ റിതേഷ് ടണ്ടൻ, വാഷിംഗ്ടൺ 7ൽ റെപ്. പ്രമീള ജയപാലിനെതിരെ നീരവ് സേഥ്, നോർത്ത് കരളിന നാലാം ഡിസ്ട്രിക്ടിൽ വലേറി ഫൗഷിക്കെതിരെ മഹേഷ് ഗാനോക്കർ.
ന്യൂ യോർക്ക് അസംബ്ലി അംഗം അനിൽ ബീഫാൻ ജൂനിയർ, ടെന്നസി സ്റ്റേറ്റ് റെപ്. സാബി 'ഡോക്' കുമാർ എന്നിവർ വീണ്ടും മത്സരിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞ ആയിരുന്ന വിനയ സിംഗ് കാലിഫോർണിയ അസംബ്ലി അംഗമായ ഡെമോക്രാറ്റിനെ നേരിടുന്നു. മിഷിഗണിലെ റിപ്പബ്ലിക്കൻ അശോക് ബാദി മത്സരിക്കുന്നതും നിലവിൽ അംഗമായ ഡെമോക്രാറ്റിനെതിരെ.
ടെക്സസിൽ എച്-1 ബി അപേക്ഷകൾ മരവിപ്പിച്ച ഗവർണർ ഗ്രെഗ് ആബട്ട് പാർട്ടിക്കു ഉറപ്പുള്ള സീറ്റിൽ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിയമാനുസൃത കുടിയേറ്റം തന്നെ നിർത്തണം എന്നാവശ്യപ്പെട്ട കോൺഗ്രസ് അംഗം ബ്രാണ്ടൻ ഗില്ലും.
ഫ്രിസ്കോ സ്പ്രിങ് സിറ്റി കൗൺസിലിൽ മത്സരിച്ച എല്ലാ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കന്മാരും തോറ്റു. അതിലൊരാളായ ശ്രീകാന്ത് റെഡ്‌ഡി പറഞ്ഞു: "ട്രംപിനു (2024ൽ) വോട്ട് ചെയ്ത ഒട്ടേറെപ്പേർ ഇപ്പോൾ വോട്ട് ചെയ്യില്ല എന്നാണ് ഞാൻ കാണുന്നത്. വളരെ നിരാശയുണ്ട്."
തോറ്റ മറ്റൊരു സ്ഥാനാർഥി വിജയ് കാർത്തിക് പറഞ്ഞു: "ഞങ്ങൾ ഇക്കാര്യം പാർട്ടിയുമായി സംസാരിച്ചു. ഞങ്ങളെ ഇങ്ങിനെ ഒറ്റപ്പെടുത്തരുതെന്നു അഭ്യർഥിച്ചു."
എച്-1 ബി വിസയുടെ പേരിൽ പാർട്ടിയിൽ നിന്നു തന്നെ ആക്രമണം നേരിട്ട രാമസ്വാമി പറഞ്ഞിരുന്നു: ഏതെങ്കിലും വംശത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചാൽ അത് യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവിയെ ബാധിക്കും.
കുടിയേറ്റ നിയന്ത്രണത്തിന്റെ പേരിൽ ട്രംപ് അതിരുകടന്നുവെന്നു ഫെബ്രുവരിയിൽ എ എ പി ഐ നടത്തിയ സർവേയിൽ 68% ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ പറഞ്ഞു. ഈ സമ്മറിൽ അവർ നടത്തിയ സർവേയിൽ 74% പേർക്കു ട്രംപിനോട് എതിർപ്പാണെന്നും കണ്ടെത്തി.
രണ്ടു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാക്കൾ ഗവർണർ സ്ഥാനത്തു എത്തുമ്പോൾ കുടിയേറ്റ പ്രശ്നം ഈ വിധം ആളിക്കത്തിയിരുന്നില്ല. ബോബി ജിൻഡാൽ ലൂസിയാനയിലും നിക്കി ഹേലി സൗത്ത് കരളിനയിലും ജയിച്ചു കയറി. ഇപ്പോൾ ഒരൊറ്റ റിപ്പബ്ലിക്കൻ ഇന്ത്യൻ അമേരിക്കനും യുഎസ് കോൺഗ്രസിലില്ല. ആറു പേർ ഡെമോക്രാറ്റുകളാണ്.
മാറിയ കാലാവസ്ഥ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു കടുത്ത വെല്ലുവിളിയാണ്.
Indian-American Republicans run amid H-1B backlash in party