
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. സമരങ്ങൾ രാജ്യതലസ്ഥാനത്തെ സംഘർഷഭരിതമാക്കിയിരിക്കെയാണ് സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തിയത്. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, പ്രതിഷേധം നിയന്ത്രിക്കാൻ പൗര സ്വാതന്ത്ര്യം തടയരുതെന്ന് രൂക്ഷഭാഷയിൽ ഓർമ്മിപ്പിച്ചു. മെട്രോ സാധാരണപോലെ പ്രവർത്തിക്കണം, ഇന്റർനെറ്റ് നിരോധിക്കരുതെന്നും കോടതി നിർദേശിച്ചു
നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇൻറർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ മേനക ഗുരുസ്വാമി എംപി നൽകിയ ഹേബിയസ് കോർപസ് ഹർജി ഉൾപ്പെടെയാണ് കോടതി പരിഗണിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ മറ്റന്നാൾ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. അടച്ചുപൂട്ടിയ 47 മെട്രോ സ്റ്റേഷനുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അധികാരികളോട് ആവശ്യപ്പെട്ടു.
ജീവരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. ഇന്നലെ ഡൽഹിയിലെ തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സ്ഥിതിയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.