
ഇടുക്കി: മലനിരകളിൽ വയലറ്റ് വിസ്‌മയം തീർത്ത ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം ചരിത്രത്തിലേക്ക്. പന്ത്രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രകൃതി ഒരുക്കിയ ഈ അപൂർവ പ്രതിഭാസത്തിന് ഇന്ന് (ഞായർ) ഔദ്യോഗിക സമാപനമാകും. സഞ്ചാരികളുടെ മനം കവർന്ന കുറിഞ്ഞിക്കാലം അവസാനിച്ചെങ്കിലും വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ചൊക്രമുടി ട്രക്കിങ് പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 24നാണ് ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. തുടർന്ന് സെപ്റ്റംബറോടെ മലനിരകൾ പൂർണമായും വയലറ്റ് പരവതാനി വിരിച്ചതുപോലെ പ്രകൃതി മാറ്റിയെടുത്തു. എന്നാൽ, സമീപ ദിവസങ്ങളിൽ പെയ്‌ത മഴയും പൂക്കൾ കരിഞ്ഞുണങ്ങി കൊഴിഞ്ഞുപോയതുമാണ് സീസൺ അവസാനിപ്പിക്കാൻ കാരണം. ഇനി പുതിയ മൊട്ടുകൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും, അവസാന നിമിഷവും എത്തുന്ന സഞ്ചാരികൾക്കായി ഏതാനും ദിവസങ്ങൾ കൂടി പ്രവേശനം അനുവദിക്കും.