
കൊല്ലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്സ് – 64) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മറിയാമ്മ ജോസിനെയാണ് (59) ചെന്നൈയിൽ നിന്ന് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് മറിയാമ്മ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞു. എന്നാൽ ജോസിന്റെ കഴുത്തിലെ പാടുകളും ശരീരത്തിലെ ചെറിയ മുറിവുകളും ശ്രദ്ധയിൽപ്പെട്ട ഡോക്ടർക്ക് മരണത്തിൽ അസ്വാഭാവികത തോന്നി. തുടർന്ന് ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇടവക പള്ളിയിൽ സംസ്കരിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെയാണ് കേസിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
സംഭവദിവസം ജോസും മറിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ജോസിന്റെ കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം ജോസ് ജീവനൊടുക്കിയെന്ന് മറിയാമ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ പോലീസ് നടപടി ഭയന്ന് മറിയാമ്മ ചെന്നൈയിലേക്ക് കടക്കുകയും തിരുവള്ളൂർ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിൽ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ പരിശോധിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം മറിയാമ്മയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു. അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് കഴിഞ്ഞ രണ്ട് വർഷമായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്നു. ദമ്പതികൾ നേരത്തെ ചെന്നൈയിലായിരുന്നു താമസം. മകൻ ജിജിയും മരുമകൾ പ്രീതിയും നിലവിൽ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
കിടപ്പുരോഗിയായ ഭർത്താവിനെ പരിചരിക്കുന്നതിൽ മറിയാമ്മ നേരിട്ട കടുത്ത ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുണ്ടായിരുന്ന മാനസിക ഭിന്നതകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാസ്താംകോട്ട സി.ഐ എസ്. മഹേഷ്കുമാർ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.