
ഡൽഹിയിൽ ഐസയുടെപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ മലയാള മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരാണ് പോലീസിന്റെ നടപടിക്ക് ഇരയായത്. കുറച്ചുനേരത്തെ കസ്റ്റഡിക്ക് ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. കൊണാട്ട് പ്ലേസിലെ ആർ.കെ. ആശ്രം മാർഗിൽ വെച്ചാണ് സംഭവം.
മാധ്യമപ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഐഡി കാർഡുകളും മൈക്കുകളും കൈവശമുണ്ടായിരുന്നിട്ടും, ഇവരെ പോലീസ് ബലമായി പിടിച്ചെടുത്ത് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. സ്ഥലത്ത് യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഇല്ലായിരുന്നിട്ടും യാതൊരു കാരണവുമില്ലാതെയാണ് പോലീസ് മാധ്യമപ്രവർത്തകർക്ക് നേരെ നടപടിയെടുത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൻസദ് മാർഗ് പ്രദേശം പൂർണ്ണമായും ഡൽഹി പോലീസും ആർ.പി.എഫും സി.ആർ.പി.എഫും ചേർന്ന് വളഞ്ഞിരിക്കുകയാണ്.