Image

ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്

Published on 10 October, 2026
 ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്

 

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രഞ്ജിനി ഹരിദാസ്. അടിസ്ഥാനപരമായ അവകാശത്തിനായുള്ള സമരമാണെന്നും സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചര്‍ത്തുകയാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

ഒരാളെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഒന്നാകെ നില്‍ക്കുകയാണ്. പോക്രിത്തരമാണിതെന്നും ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. നമ്മുടെ നിശബ്ദതയെയാണ് അവര്‍ മുതലെടുക്കുന്നതെന്നും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

'സമരം ചെയ്യുന്നവരെ തീവ്രവാദികളായാണ് കാണുന്നത്. സമാധാനപരമായ സമരം അടിച്ചമര്‍ത്തുകയാണ്. ബേസിക്കായ റൈറ്റിന് വേണ്ടിയുള്ള പോരാട്ടമാണ്. എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്. ഒരാളെ പ്രൊട്ടക്റ്റ് ചെയ്യാന്‍ ഒരു സര്‍ക്കാര്‍ മുഴുവന്‍ നില്‍ക്കുകയാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. ഇതെന്ത് തരം രാജ്യമാണ്. ഞാന്‍ വളരെ അപ്സെറ്റാണ്, ദേഷ്യം വരുന്നുണ്ട്. നമ്മുടെ നിശബ്ദതയാണ് അവര്‍ മുതലെടുക്കുന്നത്. കണ്ണ് തുറക്കൂ.. എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ നിരത്തിലിറക്കിയിരിക്കുന്ന സര്‍വ്വ സൈന്യത്തെയും രാജ്യത്തെ സത്രീ സുരക്ഷയ്ക്കായി സജ്ജമാക്കിയിരുന്നെങ്കില്‍ പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാമായിരുന്നു', രഞ്ജിനി പറഞ്ഞു.

യുവജന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകര്‍ റോഷ്നി രാജന്‍, ഫര്‍സ ടി എം എന്നിവരെ ഡല്‍ഹി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതിലും അവര്‍ പ്രതികരിച്ചു. ഫോര്‍ത്ത് എസ്റ്റേറ്റായ മീഡിയയെപ്പോലും തുടച്ചുനീക്കാനും നിശബ്ദമാക്കാനും ശ്രമിക്കുകയാണെന്ന് അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറ്റപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക