
വാഷിങ്ടൺ: ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്കുമായുള്ള ബന്ധത്തെക്കുറിച്ച് മൗനം പാലിക്കാൻ ഏകദേശം 40 മില്യൺ ഡോളർ വാഗ്ദാനം ചെയ്തതായി അദ്ദേഹത്തിന്റെ കുട്ടികളിലൊരാളുടെ മാതാവായ ആഷ്‌ലി സെന്റ് ക്ലെയർ ആരോപിച്ചു. എന്നാൽ, ആരോപണം മസ്ക് നിഷേധിച്ചു.
ദ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുൻ കൺസർവേറ്റീവ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സെന്റ് ക്ലെയർ ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നത് അനിശ്ചിതകാലത്തേക്ക് വിലക്കുന്ന രഹസ്യസ്വഭാവ കരാറിൽ ഒപ്പിടാൻ തയാറാകാത്തതിനാൽ നിർദേശം നിരസിച്ചുവെന്നും അവർ പറഞ്ഞു.
1.5 കോടി ഡോളർ ഒറ്റത്തവണയായി നൽകാനും തുടർന്ന് 21 വർഷത്തേക്ക് പ്രതിമാസം ഒരു ലക്ഷം ഡോളർ വീതം നൽകാനുമായിരുന്നു നിർദേശമെന്ന് സെന്റ് ക്ലെയർ അവകാശപ്പെട്ടു. ഇതനുസരിച്ച് ആകെ തുക 4.02 കോടി ഡോളറാകും.
2024ൽ ഒരു കുഞ്ഞിന് ജന്മം നൽകിയ സെന്റ് ക്ലെയറിന് പ്രസവത്തിന് രണ്ടുമാസത്തിനുശേഷമാണ് കരാർ ലഭിച്ചതെന്നാണ് ആരോപണം. മസ്കിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജാരഡ് ബിർച്ചൽ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പായ സിഗ്നൽ വഴിയാണ് രേഖ അയച്ചതെന്നും അവർ പറഞ്ഞു. കുടുംബാംഗങ്ങളോടുപോലും ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്തവിധം നിയന്ത്രണങ്ങൾ കരാറിലുണ്ടായിരുന്നുവെന്നും അവകാശപ്പെട്ടു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാനാകാത്തതിനാലാണ് കരാർ നിരസിച്ചതെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ഇത്തരമൊരു വാഗ്ദാനം താൻ നൽകിയിട്ടില്ലെന്ന് മസ്ക് പ്രതികരിച്ചു. സെന്റ് ക്ലെയർ മുമ്പും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അഭിമുഖവുമായി ബന്ധപ്പെട്ട് പത്രം തേടിയ പ്രതികരണത്തിന് മസ്ക് മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓസ്കർ പുരസ്കാര ജേതാവായ സംവിധായകൻ അലക്സ് ഗിബ്നി ഒരുക്കിയ ‘മസ്ക്’ എന്ന ഡോക്യുമെന്ററിയിലും സെന്റ് ക്ലെയർ പ്രത്യക്ഷപ്പെടുന്നുണ്ട്. മസ്കിന്റെ വ്യക്തിജീവിതം, ബിസിനസ് താൽപര്യങ്ങൾ, പൊതുസമൂഹത്തിലുള്ള സ്വാധീനം എന്നിവയാണ് ഡോക്യുമെന്ററിയുടെ പ്രമേയം.
സമ്പത്തും അധികാരവുമുള്ള വ്യക്തികളെ അവരുടെ വിജയത്തിന്റെ പേരിൽ മാത്രം വിശ്വസിക്കണമെന്ന സമീപനത്തോടുള്ള എതിർപ്പാണ് ഡോക്യുമെന്ററിയിൽ പങ്കെടുക്കാനുള്ള കാരണങ്ങളിലൊന്നെന്ന് സെന്റ് ക്ലെയർ പറഞ്ഞു.
2023ൽ എക്സിലൂടെ മസ്ക് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇരുവരും തമ്മിൽ വ്യക്തിപരമായ ബന്ധം വളർന്നുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ, ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും സാമ്പത്തിക കരാറുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും ഇപ്പോഴും തർക്കവിഷയമാണ്. സെന്റ് ക്ലെയർ വിവരിച്ച വ്യവസ്ഥകൾക്ക് മസ്ക് നേരിട്ട് അംഗീകാരം നൽകിയിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ അഭിമുഖത്തിൽ അവതരിപ്പിച്ചിട്ടില്ല.