Image

മുത്തങ്ങ സമരം; പൊലീസ് മർദനമേറ്റ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

Published on 10 October, 2026
മുത്തങ്ങ സമരം; പൊലീസ് മർദനമേറ്റ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശ പ്രകാരമാണ് നടപടി. 12.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് പീഡനങ്ങള്‍ കണക്കിലെടുത്താണ് നടപടി.

നഷ്ടപരിഹാരത്തുക സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ, മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കാനും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്‍റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഉത്തരവ്.

നേരത്തെ, കേസില്‍ നിന്ന് കെ.കെ. സുരേന്ദ്രനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ 2021ൽ കോടതി ആദ്യം ഉത്തരവിട്ടത്. എന്നാല്‍, ഈ വിധിക്കെതിരേ സര്‍ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2026ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു.

2003 ഫെബ്രുവരി 19-ന് വയനാട് ജില്ലയിലെ മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന ആദിവാസി സമരവും അതിനുനേരെ ഉണ്ടായ പൊലീസ് വെടിവയ്പ്പും അനുബന്ധ കേസുകളുമാണ് മുത്തങ്ങ കേസ്. സമരത്തിന് പിന്നിൽ പ്രവർത്തിച്ചെന്നാരോപിച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. 32 ദിവസം സുരേന്ദ്രൻ ജയിലിൽ കിടക്കുകയും പൊലീസിന്‍റെ ക്രൂര പീഡനത്തിന് ഇരയാവുകയും ചെയ്തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക