
സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സമയത്ത് എത്തുക എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസ് അല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ.
മാധവ ഫാർമസി ജംഗ്ഷനിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവം അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് ഭയാനകമായ അപകടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലും എന്നിട്ടും തങ്ങൾക്കെതിരെ നിയമനടപടി എടുക്കാൻ പാടില്ലെന്ന നിലപാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.