
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. 5 പേര്‍ ബസിനടിയില്‍പ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.മറ്റ് രണ്ട് പേർ ജില്ലാ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇത്തിത്താനം, മലക്കുന്നം, കൊല്ലാട്, മറിയപ്പള്ളി സ്വദേശികളാണ് പരിക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന താണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു.
കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഫുട്പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്റ്റും അപകടത്തില്‍ തകര്‍ന്നു. കടയിലേക്കും ഇടിച്ചു കയറി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.