Image

ആസൂത്രണ ബോർഡ് പരീക്ഷയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരന് ഒന്നാംറാങ്ക്, പഴയ ഒന്നാംറാങ്കുകാരന് അഞ്ചാം റാങ്ക്

Published on 09 October, 2026
ആസൂത്രണ ബോർഡ് പരീക്ഷയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരന് ഒന്നാംറാങ്ക്, പഴയ ഒന്നാംറാങ്കുകാരന്  അഞ്ചാം  റാങ്ക്

തിരുവനന്തപുരം: പി.എസ്.സിയുടെ ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേട് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. പുനഃമൂല്യനിർണയത്തിനും അഭിമുഖത്തിനും ശേഷം പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകിയ കെ. ശ്യാം കൃഷ്ണൻ ഒന്നാംറാങ്ക് നേടി. നേരത്തെയുള്ള പട്ടികയിൽ ഒന്നാമതായിരുന്ന അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിലെ ഈ മാറ്റം പരീക്ഷയുടെ മൂല്യനിർണയത്തെക്കുറിച്ചുള്ള വിവാദം വീണ്ടും ചർച്ചയാക്കുകയാണ്.

പുനഃമൂല്യനിർണയത്തിൽ ശ്യാം കൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കുമാണ് ലഭിച്ചത്. അരുൺ ജെ. പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കും അഭിമുഖത്തിൽ 18 മാർക്കുമാണ് ലഭിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോഓർഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ചയാണ് നടന്നത്. ഇതിനു പിന്നാലെ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയിലാണ് നിർണായക മാറ്റം ഉണ്ടായത്.

മൂന്ന് തസ്തികകളിലേക്കുമായി നടത്തിയ പൊതുപരീക്ഷയിൽ 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടുപോയിരുന്നു. എന്നാൽ ഈ പിഴവ് കണ്ടെത്തുന്നതിന് മുമ്പ് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ഒന്നാംറാങ്കുകാരനായ അരുൺ ജെ. പ്രതാപിന് നിയമനം നൽകുകയും ചെയ്തു. ഒരു വർഷത്തിനുശേഷം മാർക്ക് ലിസ്റ്റ് ലഭിച്ചപ്പോഴാണ് 54 മാർക്കിന്റെ ചോദ്യങ്ങൾക്ക് മൂല്യനിർണയം നടന്നിട്ടില്ലെന്ന വിവരം ശ്യാം കൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് അദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്. അരുൺ ജെ. പ്രതാപിന് നിയമനം നൽകുന്നതിനായി പി.എസ്.സി ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി.

പിന്നീട് പിഴവ് അംഗീകരിച്ച പി.എസ്.സി, വിട്ടുപോയ ചോദ്യങ്ങളുടെ പുനഃമൂല്യനിർണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും അഭിമുഖം നടത്തി പുതിയ റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ ട്രൈബ്യൂണലിലും കേസുണ്ട്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘവും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയെടുക്കുന്നതിനായി പി.എസ്.സി അംഗങ്ങളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന പദവി ചൂണ്ടിക്കാട്ടി അവർ ഹാജരായിട്ടില്ല. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക