
തൊടുപുഴ: ഇടുക്കിയിൽ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം എഴുകോൺ സ്വദേശി കെ യു മിഥുൻ ആണ് അറസ്റ്റിലായത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ താത്കാലിക പൂജാരിയായിരുന്ന ഇയാൾ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ അപഹരിച്ച് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തിൽ നിന്നു പത്ത് ലക്ഷം രൂപയോളം വില വരുന്ന തിരുവാഭരണങ്ങൾ മിഥുൻ മോഷ്ടിച്ചത്. ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ആണ് മോഷണം പോയത്. ഫെബ്രുവരി പതിനാറാം തീയതി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്.
താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം എടുത്തശേഷം പൂർവസ്ഥിതിയിൽ അടച്ചുവെച്ച നിലയിലാണ് കാണപ്പെട്ടത്. അന്നത്തെ ക്ഷേത്രം സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയെ തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിനെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി ആറാം തീയതി മുതൽ പതിനെട്ടാം തീയതി വരെയാണ് മിഥുൻ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തത് . ഈ സമയത്താണ് താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം കൈക്കലാക്കിയത്.