Image

തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു : രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍; വോട്ടുകൊള്ള ആരോപണം നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി

Published on 09 October, 2026
തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു : രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍; വോട്ടുകൊള്ള ആരോപണം നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരും ഇന്ത്യ സഖ്യ നേതാക്കളും പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായെത്തിയാണ് രാഷ്ട്രപതിയെ കണ്ടത്.

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എന്നാല്‍ അതിനുള്ള തെളിവുകള്‍ ആവശ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 'തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്നതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. രാജ്യം മുഴുവന്‍ അത് കണ്ടതാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി പ്രതികരണമൊന്നും ഉണ്ടായില്ല.എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വോട്ട് കൊള്ള സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും രാഷ്ട്രപതി ദ്രൗപദി മുർമു നിഷേധിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിപറഞ്ഞു. 

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘം രാഷ്ട്രപതിയുമായി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 

"പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കി. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി ഒരു തരത്തിലും നിഷേധിച്ചില്ല," രാഹുൽ ഗാന്ധി പറഞ്ഞു.

"ഞങ്ങൾ പറഞ്ഞതിനെ അവർ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ പ്രസ്താവന അംഗീകരിച്ച രാഷ്ട്രപതി, ഇതിന് ആധാരമായ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 'വോട്ട് കൊള്ള' സംബന്ധിച്ച സത്യം രാജ്യം മുഴുവൻ അറിയാവുന്ന കാര്യമാണെന്ന് ഞാൻ മറുപടി നൽകി. ഓരോ സംസ്ഥാനങ്ങളായി കവർന്നെടുക്കപ്പെട്ടു, 24 തിരഞ്ഞെടുപ്പുകൾ തട്ടിയെടുത്തു. എന്നിട്ടും രാഷ്ട്രപതിക്ക് തെളിവുകൾ വേണം. തെളിവുകൾ സ്വീകരിക്കാൻ അവർ തയ്യാറാകുമ്പോൾ ഇതേ സംഘം തന്നെ അത് മുന്നിൽ എത്തിക്കും," രാഹുൽ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരും പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തലസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം നീണ്ട ശക്തമായ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക