
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ഡെമോക്രാറ്റുകൾ രംഗത്ത് . നടപടി അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധരുടെ സ്ഥിരതാമസാനുമതി സാധ്യതകളെ ബാധിക്കുമെന്നും കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിക്കുമെന്നും കോൺഗ്രസ് ഹൗസ് അംഗങ്ങളായ പ്രമീള ജയ്പാലും സൂസൻ ഡെൽബീനും മുന്നറിയിപ്പ് നൽകി.
വിദേശ തൊഴിലാളികൾക്ക് തൊഴിൽ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, അഡോബി ഉൾപ്പെടെയുള്ള കമ്പനികളുടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതും നിലവിലുള്ള അപേക്ഷകളുടെ നടപടികൾ തുടരുന്നതും അമേരിക്കൻ തൊഴിൽ വകുപ്പ് നിർത്തിവച്ചിരുന്നു.
ഇന്ത്യൻ വംശജയായ പ്രമീള ജയ്പാൽ, നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള മറ്റൊരു ശ്രമമാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് വിമർശിച്ചു. അമേരിക്കൻ ജനപ്രതിനിധി സഭയുടെ കുടിയേറ്റ ഉപസമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായ ജയ്പാൽ, എച്ച്-1ബി വിസയിൽ അമേരിക്കയിൽ എത്തിയിട്ടുള്ള ഏക കോൺഗ്രസ് അംഗമാണ് താനെന്നും ചൂണ്ടിക്കാട്ടി.
വിദേശ വിദഗ്ധർക്ക് സ്ഥിരതാമസാനുമതിക്കായി വ്യക്തമായ നടപടിക്രമം ഉറപ്പാക്കുന്നതോടൊപ്പം അമേരിക്കൻ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും PERM പദ്ധതി സഹായിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. നിയമപരമായ കുടിയേറ്റ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ കുടിയേറ്റത്തിന്റെ വഴികൾ അടയ്ക്കുകയല്ല വേണ്ടതെന്നും ജയ്പാൽ വ്യക്തമാക്കി. മൈക്രോസോഫ്റ്റിനെയും PERM പദ്ധതിയെയും ലക്ഷ്യമിടുന്ന നടപടി അമേരിക്കയുടെ നവീകരണശേഷിയെ ദുർബലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വാഷിങ്ടൺ സംസ്ഥാനത്തെ മറ്റൊരു ഡെമോക്രാറ്റിക് പ്രതിനിധിയായ സൂസൻ ഡെൽബീനും തീരുമാനത്തെ വിമർശിച്ചു. നിലവിൽ അമേരിക്കയിൽ എച്ച്-1ബി വിസയിൽ കഴിയുന്ന വിദഗ്ധരുടെ ഗ്രീൻ കാർഡ് സാധ്യതകൾ തടസ്സപ്പെടുത്തുന്നത് അന്യായവും ശിക്ഷാത്മകവുമായ നടപടിയാണെന്ന് അവർ പറഞ്ഞു.
എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗം തടയാൻ ഈ നിയന്ത്രണം സഹായിക്കില്ലെന്നും പകരം വിദഗ്ധ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഡെൽബീൻ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നവീകരണം, മത്സരക്ഷമത, തൊഴിലവസരങ്ങൾ എന്നിവയെയും തീരുമാനം ബാധിക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി.
എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക് സ്ഥിരതാമസാനുമതി നേടാനുള്ള നടപടികളെയാണ് പുതിയ നിയന്ത്രണം പ്രധാനമായും ബാധിക്കുന്നത്. നിലവിലുള്ള എച്ച്-1ബി വിസകൾ ഇതിലൂടെ സ്വമേധയാ റദ്ദാകില്ല. സാങ്കേതികവിദ്യ, എൻജിനീയറിങ്, ശാസ്ത്രഗവേഷണം തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പദ്ധതി.