
ന്യൂഡൽഹി: എട്ട് പ്രമുഖ സാങ്കേതികവിദ്യാ കമ്പനികൾക്കായി പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകൾ സ്വീകരിക്കുന്നതും പരിഗണിക്കുന്നതും നിർത്തിവച്ച അമേരിക്കൻ തൊഴിൽ വകുപ്പിന്റെ നടപടിയിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്ന ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ നടപടി സഹായകരമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇൻഫോസിസ്, ടാറ്റ, വിപ്രോ, എച്ച്‌സിഎൽ, കോഗ്നിസന്റ്, ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി എന്നീ കമ്പനികൾക്കെതിരെയാണ് അമേരിക്ക നടപടി സ്വീകരിച്ചത്. ഈ കമ്പനികളുടെ പുതിയ PERM അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളുടെ നടപടികൾ നിർത്തിവയ്ക്കുമെന്നും അമേരിക്കൻ തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ് അറിയിച്ചു.
PERM അപേക്ഷകൾ നിർത്തിവച്ചത് നിലവിലുള്ള എച്ച്-1ബി വിസകളുടെ സാധുതയെയോ വിസ ഉടമകളുടെയും ആശ്രിതരുടെയും നിലവിലെ പദവിയെയോ നേരിട്ട് ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ബന്ധപ്പെട്ട കമ്പനികളിലെ യോഗ്യരായ ജീവനക്കാരുടെ സ്ഥിരതാമസാനുമതി അഥവാ ഗ്രീൻ കാർഡ് നടപടികളെ ഇത് ബാധിച്ചേക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽ കുടിയേറ്റം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് ഗുണകരമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ ജീവനക്കാർ അമേരിക്കയിലെ നവീകരണം, ഗവേഷണം, ഉൽപാദനക്ഷമത, മത്സരക്ഷമത, തൊഴിൽസൃഷ്ടി എന്നിവയ്ക്ക് സംഭാവന നൽകുന്നുണ്ട്. അതിനാൽ, ഈ മേഖലയിലെ പരസ്പര പ്രയോജനങ്ങൾ എല്ലാ പങ്കാളികളും തിരിച്ചറിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വിഷയത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശങ്ങളെയും ഇന്ത്യ വിമർശിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും നവീകരണ മേഖലയിലും ഇന്ത്യൻ പ്രൊഫഷണലുകൾ വഹിക്കുന്ന പങ്ക് അവഗണിക്കുന്ന ഇത്തരം പരാമർശങ്ങൾ അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചരിത്രപരമായും കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെട്ടും വേദനാജനകമായ അർഥങ്ങളുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം അപമാനകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വിദേശ ജീവനക്കാരെ നിയമിച്ച് പകരംവയ്ക്കാൻ ചില കമ്പനികൾ എച്ച്-1ബി വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. 2009 മുതൽ ബന്ധപ്പെട്ട കമ്പനികൾ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷത്തിലധികം എച്ച്-1ബി വിസകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അമേരിക്കൻ അധികൃതർ അവകാശപ്പെട്ടു.
വിദേശ തൊഴിലാളികൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ് PERM സർട്ടിഫിക്കേഷൻ. ഈ നടപടിയിലെ നിയന്ത്രണം ഇന്ത്യൻ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികളെ ബാധിച്ചേക്കാമെങ്കിലും നിലവിലുള്ള എച്ച്-1ബി വിസകൾ സ്വമേധയാ റദ്ദാകില്ലെന്നാണ് ഇന്ത്യയുടെ വിശദീകരണം.