
ന്യൂഡൽഹി: ലഹരിക്കടത്ത് പാതകളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ പരിശോധന ശക്തമാക്കിയതോടെ, കേരളത്തിലും തമിഴ്നാട്ടിലും രഹസ്യമായി മെത്താംഫെറ്റമിൻ (മെത്ത്) നിർമാണശാലകൾ സ്ഥാപിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഹരിക്കടത്ത് സംഘങ്ങൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ പ്രാദേശികമായി ലഹരിമരുന്ന് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കാനാണ് സംഘങ്ങളുടെ ശ്രമമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം കറുപ്പ് കൃഷിക്കും ലഹരിമരുന്ന് ഉൽപാദനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതോടെ പാകിസ്ഥാൻ, മ്യാൻമർ ആസ്ഥാനമായുള്ള ലഹരിക്കടത്ത് സംഘങ്ങൾ കൃത്രിമ ലഹരിമരുന്നുകളിലേക്ക് തിരിഞ്ഞതായാണ് റിപ്പോർട്ട്. മെത്താംഫെറ്റമിന് ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും ആവശ്യക്കാർ ഏറെയുണ്ട്. വർഷം മുഴുവൻ ഉൽപാദിപ്പിക്കാനാകുമെന്നതും ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ നിർമിക്കാനാകുമെന്നതും മെത്തിന്റെ വ്യാപനം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉൾപ്പെടെയുള്ള ഏജൻസികൾ സമീപകാലത്ത് നടത്തിയ ലഹരിവേട്ടകൾ കടത്തുസംഘങ്ങളുടെ പരമ്പരാഗത വിതരണശൃംഖലകളെ ബാധിച്ചിട്ടുണ്ട്. കടൽമാർഗമുള്ള കടത്ത് തടസ്സപ്പെടുന്നതും ഇറാൻ യുദ്ധത്തെത്തുടർന്ന് പതിവ് കടത്തുപാതകളിലുണ്ടായ തടസ്സങ്ങളും സംഘങ്ങൾക്ക് തിരിച്ചടിയായതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
2024-ൽ ഗ്രേറ്റർ നോയിഡയിൽ എൻസിബിയും ഡൽഹി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രഹസ്യമായി പ്രവർത്തിച്ച മെത്ത് നിർമാണശാല കണ്ടെത്തുകയും 95 കിലോഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ വിപണികളെയും ശ്രീലങ്കയിലേക്കും തായ്‌ലൻഡിലേക്കുമുള്ള വിതരണശൃംഖലകളെയും സമീപകാല പരിശോധനകൾ ബാധിച്ചതായാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇതേത്തുടർന്ന് ദക്ഷിണേന്ത്യയിൽ കൂടുതൽ രഹസ്യ നിർമാണശാലകൾ സ്ഥാപിക്കാൻ ലഹരിക്കടത്ത് സംഘങ്ങൾ ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഹാജി സലീം ഉൾപ്പെടെയുള്ള ലഹരിക്കടത്ത് ശൃംഖലകളുമായി ബന്ധപ്പെട്ടവർ കേരളം, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെ ബന്ധങ്ങളുമായി ആശയവിനിമയം നടത്തുന്നതായും ജയിലിലുള്ള ചില കൂട്ടാളികളുമായി ബന്ധപ്പെടുന്നതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്കുള്ളിൽ തന്നെ ലഹരിമരുന്ന് ഉൽപാദിപ്പിക്കുന്നതിലൂടെ കടൽമാർഗമുള്ള കടത്തിന്റെ അപകടസാധ്യത കുറയ്ക്കാനും പിടിക്കപ്പെട്ടാൽ പാകിസ്ഥാന്റെ പങ്കാളിത്തം നിഷേധിക്കാനും കഴിയുമെന്നാണ് സംഘങ്ങളുടെ കണക്കുകൂട്ടലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.