
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഫയൽ അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനസ്പർശം എന്ന പേരിൽ നടത്തുന്ന അദാലത്ത് ഒക്ടോബർ 15ന് ആരംഭിച്ച് ഡിസംബർ 31 ന് അവസാനിക്കും. ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 588 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 568 എണ്ണവും പൂർണമായി നടപ്പാക്കി.
രാജ്യത്ത് ആദ്യമായി വയോജന വകുപ്പിന്‍റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തും. ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള നടപടി സ്വീകരിക്കും. മുതിർന്ന പൗരന്മാരുടെ വിവരശേഖരണം നടത്തി അവർ ഒറ്റയ്ക്കാകുന്നില്ലെന്ന് ഉറപ്പാക്കും. കുടുംബശ്രീ മാതൃകയിൽ കൂട്ടായ്മ ഉണ്ടാക്കി അവർക്കുള്ള പരിചരണം നൽകും. 2022-23 അധ്യയന വർഷം മുതൽ കുടിശ്ശികയായിരുന്ന ഒബിസി, ഒഇസി വിദ്യാർത്ഥികൾക്കുമുള്ള മുഴുവൻ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. 170457 വിദ്യാർത്ഥികൾക്ക് 180 കോടി രൂപയാണ് ഇതിലൂടെ നൽകിയത്. ഗിഗ് തൊഴിലാളികൾക്ക് വിശ്രമം, ചാർജ്ജിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി ഗിഗോൺ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ച് നാപ്കിനുകൾ ലഭ്യമാക്കുന്ന ഡബ്ല്യുഒഎംഎൻ പദ്ധതി നടപ്പാക്കി. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് മത്സ്യ വിൽപ്പന സുഗമമാക്കാൻ 75 ശതമാനം ഗ്രാന്‍റോടെ ഷീ സ്കൂട്ടർ പദ്ധതിയും ആരംഭിച്ചു. റവന്യൂ മേഖലയിൽ 25000 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടിടത്ത് 53208 അപേക്ഷകൾ തീർപ്പാക്കി. 5000 പട്ടയങ്ങൾ എന്ന ലക്ഷ്യം മറികടന്ന് 6523 പട്ടയങ്ങൾ വിതരണം ചെയ്തു. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ 227 വില്ലേജുകളിൽ അൻപതിനായിരത്തോളം ഭൂരേഖാ പരാതികൾ തീർപ്പാക്കി. 1986 മുതൽ 2010 മാർച്ച് 31 വരെ തീർപ്പാകാതെ കിടന്ന അണ്ടർ വാല്യുവേഷൻ കേസുകളിലെ ബാധ്യത ഒറ്റത്തവണയായി എഴുതിത്തള്ളിയതിലൂടെ 58000 കേസുകൾ തീർപ്പാക്കി.
54 ഭൂജല കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയതിലൂടെ 11 ജില്ലകളിലായി 747 കുടുംബങ്ങൾക്കും 29 സ്ഥാപനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കി. തളിപ്പറമ്പ് പുഷ്പഗിരിയിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതിയിലൂടെ 996 വീടുകളിലേക്ക് 9.75 കിലോ മീറ്റർ ദൂരത്തിൽ പൈപ്പ് ശൃംഖല സ്ഥാപിച്ച് ശുദ്ധജലം എത്തിച്ചു.
അഞ്ച് വർഷം കൊണ്ട് വീടുകളിൽ 2 ലക്ഷം ശൗചാലയം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി പതിനായിരം കുടുംബങ്ങൾക്ക് ധനസഹായം നൽകി. സഹകരണ മേഖലയിൽ 1037 കാൻസർ രോഗികൾ ഉൾപ്പെടെ 1695 രോഗികൾക്ക് 3.8 കോടി രൂപയുടെ സഹായം നൽകി. രാത്രികാല സുരക്ഷ ഉറപ്പാക്കാൻ കെഎസ്ആർടിസി രാത്രികാല ബസ് സർവീസ് ആരംഭിച്ചതിലൂടെ ദിവസം ശരാശരി 220 സ്ത്രീ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.
പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 16000 കുടുംബങ്ങൾക്ക് 200 കോടി രൂപ വായ്പ നൽകി. ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ, ഉന്നത വിദ്യാഭ്യാസം, ഭവന നിർമ്മാണം, മൈക്രോ ക്രെഡിറ്റ്, വ്യക്തിഗത ആവശ്യം, വിവാഹം എന്നിവയ്ക്കാണ് വായ്പ നൽകിയത്. വയനാട്ടിൽ കതിർ പോർട്ടലുമായി ബന്ധിപ്പിച്ച് 14 സ്മാർട്ട് കൃഷിഭവനുകൾ ആരംഭിക്കുകയും 38000 കർഷകർക്ക് സ്മാർട്ട് ഐഡി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. റബറിന്‍റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിച്ചു. വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 21 ലക്ഷമാക്കി ഉയർത്തി.
94 കിലോ മീറ്റർ റോഡ് നവീകരണം പൂർത്തിയാക്കിയതോടൊപ്പം സ്കൂളുകളിൽ 2200 റോബോട്ടിക്സ് ലാബുകളും 5183 പ്രൈമറി സ്കൂളുകളിൽ ഡിജിറ്റൽ പഠന പാക്കേജും എത്തിച്ചു. ബാല്യ സ്പന്ദനം പദ്ധതിയിലൂടെ 33120 അങ്കണവാടികളിൽ ആരോഗ്യ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. പോഷകാഹാര കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കും. ഐടി മേഖലയിൽ എറണാകുളത്ത് ഇൻഫോപാർക്ക് നാലാം ഘട്ടത്തിന്‍റെയും തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ 2 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിട നിർമ്മാണത്തിന്‍റെയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ ഇൻഫോപാർക്കിൽ അൻപതിനായിരം പേർക്ക് നേരിട്ടും ഒരു ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
3000 കോടിയുടെ നേരിട്ടുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു. ടെക്നോപാർക്കിൽ 18 മാസത്തിനുള്ളിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷന്‍റെ നേതൃത്വത്തിൽ വനിതാ സ്റ്റാർട്ട് അപ്പ് സെല്ലുകൾ ആരംഭിച്ചു. സ്റ്റാർട്ടപ്പുകളുടെ നൂതന ആശയങ്ങൾക്ക് പേറ്റന്‍റ് നേടാൻ സഹായിക്കുന്ന സംവിധാനത്തിലൂടെ 22 സ്റ്റാർട്ടപ്പുകൾക്ക് പേറ്റന്‍റ് സഹായം ലഭിച്ചു.
കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസനത്തിനായി എഐ സെന്‍റർ ഓഫ് എക്സലൻസ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. ആശുപത്രി കിടക്ക രോഗിയുടെ അവകാശമാക്കുന്ന പദ്ധതിക്ക് തിരുവനന്തപുരം പുലയനാർകോട്ട മെഡിക്കൽ കോളജ് സബ് സെന്‍ററിൽ തുടക്കം കുറിച്ചു. പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കും.
ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ റിഥം വെർച്വൽ പ്ലാറ്റ്ഫോം നടപ്പാക്കി. ഗാർഹിക പീഡനങ്ങൾ തടയാൻ കേരള പൊലീസിന്‍റെ പ്രത്യേക ദൗത്യ സേനയായ സ്പീക്ക് അപ്പ് കേരളയ്ക്ക് രൂപം നൽകി. സർക്കാർ ആദ്യമായി പ്രൊഫഷണലുകൾക്ക് വനമേഖലയിൽ വർക്കേഷൻ സൗകര്യം ഒരുക്കുന്ന ഷോല വർക്കേഷൻ പദ്ധതിയും വനയാത്രകൾക്ക് തവണകളായി പണമടയ്ക്കാനുള്ള ട്രാവൽ ടുഡേ പേ ടുമാറോ പദ്ധതിയും ആരംഭിച്ചു.
എക്സൈസ് വകുപ്പ് നടത്തുന്ന ലഹരിക്കെതിരായ പോരാട്ടത്തിന് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിച്ചു. സിനിമയ്ക്ക് ഔദ്യോഗിക വ്യവസായ പദവി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. 100 കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു.
കൃത്യമായ പ്രാദേശിക കാലാവസ്ഥാ പ്രവചനത്തിന് വേണ്ടി 14 ജില്ലകളിലായി 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിലയങ്ങൾ സ്ഥാപിച്ചു. ഇതിലൂടെ 25000 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. തീരദേശ പഞ്ചായത്തുകളെ യുനെസ്കോയുടെ സുനാമി റെഡി സർട്ടിഫിക്കറ്റിന് സജ്ജമാക്കിയതിലൂടെ 3 ലക്ഷം തീരദേശവാസികൾക്ക് പ്രയോജനം ലഭിക്കും.
സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർത്ഥികൾക്ക് റാഗിംഗ് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് സിദ്ധാർത്ഥൻ ആപ്പ് തയാറായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗഹൃദ ഡെസ്ക് ആരംഭിക്കാനുള്ള നടപടികൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ് ലൈൻ ആരംഭിക്കാനുള്ള നടപടികൾക്കും തുടക്കമിട്ടു.