
ഡൽഹി: രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പേരിൽ രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിടരുതെന്നും സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സി.പി.ഐ.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്.
പ്രതിഷേധങ്ങൾ നേരിടുന്നതിന്റെ പേരിൽ ഡൽഹിയിൽ മെട്രോ ട്രെയിനുകൾക്കും ഗതാഗതത്തിനും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ചില പ്രധാന സ്റ്റേഷനുകൾ സുരക്ഷ മുൻനിർത്തി അടച്ചിടേണ്ടി വന്നാൽ പോലും അത് പൊതുജനങ്ങളെ കൃത്യമായി മുൻകൂട്ടി അറിയിക്കണം.
ഡൽഹിക്ക് പുറത്തുനിന്ന് ജീവനോപാധി തേടി ദിവസേന എത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരുണ്ട്. സാധാരണക്കാരായ ജനങ്ങൾ പൂർണ്ണമായും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് അധികാരമുണ്ട്, എന്നാൽ അതിനർത്ഥം ഡൽഹിയിലെ എല്ലാവരെയും തടയുക എന്നതല്ല. സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സി.സി.ടി.വി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കണം സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തെ ഹർജിക്കാർ എതിർത്തു.
മെട്രോകൾ അടച്ചിട്ടത് കേരളത്തിൽ നിന്നുള്ള ട്രെയിൻ യാത്രക്കാരെപ്പോലും ബാധിച്ചെന്ന് സി.പി.ഐ.എം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുരക്ഷാ നടപടികളിൽ ആനുപാതികത പാലിക്കണമെന്ന് കോടതി നിരീക്ഷിച്ചു. “എല്ലാ കാര്യങ്ങളും സ്തംഭിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കണം’ എന്ന മനോഭാവം പാടില്ല. സി.ജെ.പി ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധ സമരം നേരിടാൻ ഡൽഹി നഗരം മുഴുവൻ അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണം. എല്ലാവർക്കും സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഒപ്പം പൊതുസൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അവകാശവും പൗരന്മാർക്കുണ്ട്,” സുപ്രീം കോടതി വ്യക്തമാക്കി