Image

നോയിഡ വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’; പേര് മാറ്റി യോഗി സർക്കാർ

Published on 09 October, 2026
 നോയിഡ വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’; പേര് മാറ്റി യോഗി സർക്കാർ

ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ. പുനർനാമകരണത്തിനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശിന് ജേവാറിൽ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാന മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ‘വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പേരിടാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ വിമാനത്താവളം ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ഉയർന്നുവരാൻ ഒരുങ്ങുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം മാർച്ച് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജേവാറിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലഖ്‌നൗവിൽനിന്നെത്തിയ ഇൻഡിഗോ വിമാനമാണ് വിമാനത്താവളത്തിൽ ആദ്യമായി ലാൻഡ് ചെയ്തത്.

സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ സബ്‌സീഡിയറിയായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് വിമാനത്താവളം നിർമിച്ചത്.11,282 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക