
ഇൻഡ്യാസഖ്യ എംപിമാരെ കാണാൻ അനുമതി നൽകി രാഷ്ട്രപതി. ഇന്ന് രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും. പത്ത് എംപിമാർ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മുൻ മുഖ്യമന്ത്രി മമതാ ബാനർജി സംഘത്തിലുണ്ടാവുമെന്നാണ് സൂചന. ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവിൽ രാത്രി 8 മണിക്ക് സമയം നൽകിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാൽ ഘോഷ് ചോദിച്ചു.
നിങ്ങൾ വലിയൊരു അബദ്ധമാണ് ചെയ്യുന്നത്. രാജ്യം മുഴുവൻ ഇത് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കൊൽക്കത്ത, ഡൽഹി രാജധാനി എക്‌സ്പ്രസ് റദ്ദാക്കിയിരിക്കുന്നു. ചില ട്രെയിനുകൾ വൈകിയോടുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ പ്രകാരം മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഭയമാണോയെന്നും കുനാൽ ഘോഷ് ചോദിക്കുന്നു.