
ഡൊണാൾഡ് ട്രംപിന്റെ നഗ്നരൂപത്തിലുള്ള കൂറ്റൻ സ്വർണ്ണ പ്രതിമ ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ അനാച്ഛാദനം ചെയ്തു. പ്രശസ്ത ഡാനിഷ് ശില്പി ജെൻസ് ഗാൽഷിയോട്ട്നി ർമ്മിച്ച ഈ എട്ടടി ഉയരമുള്ള ഇൻസ്റ്റലേഷന് ‘ദി ഓറഞ്ച് പ്ലേഗ്’ (The Orange Plague) എന്നാണ് പേരിട്ടിരിക്കുന്നത്.
23 കാരറ്റ് തങ്കത്താൽ പൊതിഞ്ഞ പ്രതിമയിൽ ട്രംപ് ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും ലോകത്തിന്റെ മാതൃകയിലുള്ള പന്തും, മറു കയ്യിൽ ഒരു തുലാസും പിടിച്ചിരിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ വിമർശനാത്മകമായി ചിത്രീകരിക്കുന്നതാണ് ഈ കലാസൃഷ്ടി.
യൂറോപ്യൻ പാർലമെന്റ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പ്രതിമയുടെ അനാച്ഛാദനത്തോടെ വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. “ദി ഓറഞ്ച് പ്ലേഗ്” (The Orange Plague) എന്ന് പേരിട്ടിരിക്കുന്ന പ്രതിമയിൽ ട്രംപിനെ “നീതികേടിന്റെ രാജാവ്” (King of Injustice) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാരനായ ഒരു ചെറിയ മനുഷ്യന്റെ തോളിൽ കയറി നിൽക്കുന്ന രീതിയിലാണ് ഈ പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രതിമയുടെ അടിത്തറയിൽ കുറിച്ചിരിക്കുന്ന പരിഹാസരൂപേണയുള്ള വാചകം ഏറെ ശ്രദ്ധേയമാണ്: ” ഞാൻ ഒരാളുടെ പുറത്ത് ഇരിക്കുകയാണ്. എന്റെ ഭാരം താങ്ങാനാവാതെ അയാൾ താഴേക്ക് പോകുന്നു. അയാളെ സഹായിക്കാൻ ഞാൻ എന്തും ചെയ്യും; എന്റെ ഭാരം അദ്ദേഹത്തിന്റെ പുറത്തുനിന്ന് ഇറക്കി വെക്കുന്നതൊഴിച്ച്.”
ഡാനിഷ് ശില്പിയായ ജെൻസ് ഗാൽഷിയോട്ട് (Jens Galschiøt) നിർമ്മിച്ച ഈ ഇൻസ്റ്റലേഷൻ ട്രംപിന്റെ പരിസ്ഥിതി, വിദേശനയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ്. ട്രംപിന്റെ നിലപാടുകൾ ആഗോള ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടങ്ങൾക്കും വലിയ ഭീഷണിയാണെന്ന് കലാകാരൻ വ്യക്തമാക്കി. ജനാധിപത്യത്തിനും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം വിനാശകരമായ സ്വാധീനങ്ങൾക്കെതിരെ ലോകം ഒന്നിച്ചുനിൽക്കണമെന്ന് ശില്പി ജെൻസ് ഗാൽഷിയോട്ട് ആഹ്വാനം ചെയ്തു.
ഈ ഇൻസ്റ്റലേഷന്റെ 10,000 ചെറിയ മിനിയേച്ചർ പതിപ്പുകൾ സ്ട്രാസ്ബർഗിൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം എക്സിലൂടെ (X) അറിയിച്ചു. ഡാനിഷ് യൂറോപ്യൻ പാർലമെന്റ് അംഗം പെർ ക്ലോസന്റെ പിന്തുണയോടെയാണ് പ്രതിമ പ്രദർശിപ്പിച്ചിരിക്കുന്നത്.
യൂറോപ്യൻ പാർലമെന്റ് ചട്ടങ്ങൾ പ്രകാരം വ്രണപ്പെടുത്തുന്നതോ അപകീർത്തികരമോ ആയ പ്രദർശനങ്ങൾ അനുവദിക്കാറില്ലെങ്കിലും, മുൻകൂട്ടി അനുമതി വാങ്ങി വ്യാഴാഴ്ച വരെ സ്ട്രാസ്ബർഗിൽ പ്രതിമ നിലനിർത്താനാണ് തീരുമാനം.