
കൊല്ലം: പുനലൂർ പോളിടെക്നിക് കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ അച്യുതിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇയാൾ പുനലൂർ പോളിടെക്നിക്കിലെ എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റാണ്.
വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് സഹപാഠികൾ തന്നെയാണ് കോളജ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് കോളജ് അധികൃതർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അച്യുതിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് വിദ്യാർഥി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും ആരോപണമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ്, തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചു.