
സംസ്ഥാനത്തെ സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലൈസൻസില്ലാതെയും ആവശ്യമായ അനുമതികളില്ലാതെയും പ്രവർത്തിക്കുന്ന സ്പാകളെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കൊച്ചിയിലാണ് ഇത്തരം സ്പാകൾ കൂടുതലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പാകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും സെക്‌സ് റാക്കറ്റുകളും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിക്ക് പുറമെ മറ്റ് പ്രദേശങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കളമശേരിയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കേസിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, കളമശേരി കേസിൽ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം പ്രതികൾ ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.