
ചെന്നൈ: പ്രായം 20 വയസ്സിൽ താഴെയാണെന്നും സ്ഥിരമായി ജോലിയില്ലെന്നും ചൂണ്ടിക്കാട്ടി ഒമ്പത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് അമേരിക്ക വിസ നിഷേധിച്ചു. ലാസ് വെഗാസിൽ ഒക്ടോബർ 12 മുതൽ 18 വരെ നടക്കുന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുത്ത 16 അംഗ ഇന്ത്യൻ സംഘത്തിലെ ഒമ്പത് താരങ്ങൾക്കാണ് ചെന്നൈയിലെ യുഎസ് എംബസി യാത്രാനുമതി നിഷേധിച്ചത്. സമർത്ഥ് ഗജാനൻ, ധീരജ് കുമാർ മാലിക്, സച്ചിൻ കുമാർ, നിഖിൽ, ഹർദീപ്, പർവീൺ, അഹല്യ ശത്രുഘ്നൻ ഷിൻഡെ, നേഹ ശർമ്മ, നേഹ എന്നിവരാണ് വിസ നിരസിക്കപ്പെട്ട താരങ്ങൾ. അടുത്തിടെ ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ച ഏക വനിതാ താരത്തിനും കൃത്യമായ ശമ്പള സർട്ടിഫിക്കറ്റും ബാങ്ക് വിവരങ്ങളും ഹാജരാക്കാൻ സാധിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് വിസ നൽകിയില്ല.
ചാമ്പ്യൻഷിപ്പിനായി തെരഞ്ഞെടുത്ത 30 താരങ്ങളിൽ 16 ഗുസ്തി താരങ്ങളും എട്ട് സപ്പോർട്ടിങ് സ്റ്റാഫുകളുമാണ് ബുധനാഴ്ച അഭിമുഖത്തിനായി എംബസിയിൽ എത്തിയത്. എന്നാൽ 20 വയസ്സോ അതിൽ താഴെയോ പ്രായമുള്ള താരങ്ങളെ പ്രത്യേക ക്യൂവിൽ നിർത്തിയ ശേഷം, ഇവരുടെ തൊഴിൽ സാഹചര്യവും പ്രായവും കാരണം കാട്ടി വിസ നിരസിക്കുകയായിരുന്നു. സംഭവത്തിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) ശക്തമായ അതൃപ്തി രേഖപ്പെടുത്തി. അണ്ടർ 23 ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾ ചെറുപ്പക്കാരായതിനാലും കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലും സ്ഥിര ജോലിയുണ്ടാകില്ലെന്ന സ്വാഭാവിക സാഹചര്യം പരിഗണിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനായ യുണൈറ്റഡ് വേൾഡ് റെസ്ലിങ് (UWW) അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. സംഘടനയുടെ തലവൻ നെനാദ് ലാലോവിച്ച്, ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് കുമാർ സിങ്ങുമായി ഫോണിൽ സംസാരിച്ച് പ്രശ്നപരിഹാരത്തിന് ഉറപ്പുനൽകി. വിഷയം ഔദ്യോഗികമായി അറിയിച്ച് യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങിന് കത്തുനൽകാൻ ആവശ്യപ്പെട്ട നെനാദ്, യുഎസ് റെസ്ലിങ് അധികൃതരുമായി ചർച്ച നടത്തി ന്യൂഡൽഹിയിലെ എംബസി മുഖേന താരങ്ങൾക്ക് വിസ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതായി സഞ്ജയ് കുമാർ വ്യക്തമാക്കി.