
പാക്ക് ബന്ധമുള്ള മൂന്നു പേരെ ഭീകരരുടെയും ലഹരി കടത്തുകാരുടെയും പട്ടികയിൽ നിന്നു നീക്കം ചെയ്തതായി യുഎസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടു മുൻപാണ് മുഹമ്മദ് തുഫൈൽ ഭീകര പട്ടികയിലും ഷേർ ഖാൻ, നാസിർ അലി ഖാൻ എന്നിവർ ലഹരി മരുന്നു കടത്തുകാരുടെ പട്ടികയിലും പെട്ടത്.
ജൂലൈ 27നു ഇവരെ നീക്കം ചെയ്‌തെങ്കിലും ബുധനാഴ്ചയാണ് ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചത്. 84 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിടുതൽ നൽകിയെന്നു ട്രഷറി വകുപ്പ് അറിയിച്ചു. ഇവരൊന്നും യുഎസ് ദേശരക്ഷയുമായോ വിദേശനയവുമായോ ബന്ധപ്പെട്ടു പ്രസക്തി ഉള്ളവരല്ലെന്നു ഇപ്പോൾ കാണുന്നു.
എസ് എം തുഫൈൽ എന്നും ഷെയ്ഖ് മുഹമ്മ്ദ് തുഫൈൽ എന്നും അറിയപ്പെടുന്ന തുഫൈലിന്റെ ആസ്തികൾ 2001ൽ മരവിപ്പിച്ചിരുന്നു. പാക്ക് ആണവ ശാസ്ത്രജ്ഞന്മാർ സ്ഥാപിച്ച യു ടി എൻ എന്ന സംഘടനയുടെ ഡയറക്റ്ററായ അദ്ദേഹത്തെ വ്യവസായി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കമ്പനി ഡയറക്റ്റർമാർ ഒസാമ ബിൻ ലാദനെയും താലിബാൻ നേതാവ് മുല്ലാ ഒമറിനെയും കണ്ടു കെമിക്കൽ, ബയോളജിക്കൽ, ന്യൂക്ലിയർ ആയുധങ്ങൾ നിർമിക്കുന്നത് ചർച്ച ചെയ്തെന്നു ട്രഷറി വകുപ്പ് പറഞ്ഞിരുന്നു.
ഷേർ ഖാൻ, നാസിർ അലി ഖാൻ എന്നിവർ പാക്കിസ്ഥാനിൽ ജനിച്ചവരാണ്. 2001 ജൂണിൽ ഇരുവരെയും ലഹരി കടത്തുകാരുടെ പട്ടികയിൽ പെടുത്തി ഉപരോധം ഏർപ്പെടുത്തി.
US removes three Pakistan-linked men from sanctions list