Image

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്ക ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

Published on 07 October, 2026
രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്ക ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ രണ്ടാം ദിവസത്തെ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ കിടന്ന് പ്രതിഷേധിച്ച വയനാട് എം.പി പ്രിയങ്കാ ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബലപ്രയോഗത്തിലൂടെയാണ് എംപിമാരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപിമാരുമായി ജന്തർ മന്ദറിലേക്ക് പോയ ബസുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് തടഞ്ഞുവെച്ചിരുന്നു. ചൊവ്വാഴ്ച ആകാശവാണി ഭവന് മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ, ബുധനാഴ്ചയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിലാണ് പ്രതിപക്ഷം ശക്തമായ തെരുവ് പ്രക്ഷോഭം തുടർന്നത്. 

സെൻട്രൽ ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് മുന്നൂറോളം പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തുമെന്ന് ഉച്ചയ്ക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജൻപഥിൽ ഒരുക്കിയ ഉച്ചവിരുന്നിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. "തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാൻ 300 എംപിമാർ ആഗ്രഹിച്ചിരുന്നെങ്കിലും ഇന്നലെ ഞങ്ങൾക്ക് അനുമതി നിഷേധിച്ചു. അതിനാൽ ഇന്ന് ജന്തർ മന്ദറിൽ പ്രതിഷേധം നടത്താനാണ് തീരുമാനം," എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗ്യാനേഷ് കുമാർ നിയമാനുസൃതമായ സിഇസി അല്ലെന്നും അദ്ദേഹം അടിയന്തരമായി രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിന്റെ പേരിൽ തനിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തതിനെ അദ്ദേഹം പരിഹസിച്ചു. നിലവിൽ നാൽപ്പത്തെട്ടോളം എഫ്ഐആറുകൾ തനിക്കെതിരെയുണ്ടെന്നും അത് നൂറാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക