
കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ നിന്ന് മോചിതനായി. നടപടിക്രമങ്ങളിൽ പോലീസിനും കളക്ടർക്കും സംഭവിച്ച ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി. സുരേഷ് ഗോപി സുഗതനെ ഷാളണിയിച്ചു.
പിന്നാലെ സുഗതൻ സുരേഷ് ഗോപിയുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.
ഇതും വായിക്കുക: കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. ഒരു പോലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതൻ വ്യക്തമാക്കി. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസത്തിന് തയാറാണെന്നും തന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയുണ്ടെന്നും സുഗതൻ അറിയിച്ചു. സിപിഎമ്മാണ് തന്നെ ഗുണ്ടയാക്കിയതെന്നും സുഗതൻ ആരോപിച്ചു.