Image

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ മുരളീധരൻ

Published on 06 October, 2026
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ മുരളീധരൻ

 

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. വകുപ്പിൽ മന്ത്രി ഉത്തരവിട്ട പല പ്രധാന അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്താതെ വൈകിപ്പിക്കുകയാണെന്നും സുപ്രധാന ഫയലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ നേരത്തെയും മന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി എതിർത്തത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഭരണതല ഭിന്നത രൂക്ഷമായതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി സ്ഥാനമാറ്റം വേണമെന്ന ആവശ്യത്തിലേക്ക് മന്ത്രി എത്തിയതായാണ് സൂചന.

അതേസമയം, സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് ഭാഗിക ആശ്വാസമായി കെഎംഎസ്‌സിഎൽ പർച്ചേസ് ഓർഡറുകളുടെ ആദ്യഘട്ട സ്റ്റോക്ക് എത്തിത്തുടങ്ങി. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എറണാകുളം, തിരുവനന്തപുരം വെയർഹൗസുകളിൽ എത്തിയിട്ടുണ്ട്. ഇൻസുലിൻ, വൈറ്റമിൻ എ, വൈറ്റമിൻ ബി കോംപ്ലക്സ് എന്നിവയുടെ സ്റ്റോക്കും ലഭിച്ചു. ഏഴ് ഇനം മരുന്നുകളുടെ സ്റ്റോക്ക് കൂടി എത്തുമെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചിട്ടുണ്ടെങ്കിലും ചില അവശ്യ മരുന്നുകൾക്ക് ഇപ്പോഴും ക്ഷാമം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക