Image

മാസപ്പടി കേസിൽ എസ്ഐടി ചോദ്യം ചെയ്യൽ തുടങ്ങുന്നു; റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ്

Published on 06 October, 2026
മാസപ്പടി കേസിൽ എസ്ഐടി ചോദ്യം ചെയ്യൽ തുടങ്ങുന്നു; റിയാസിന്റെ സുഹൃത്തുക്കൾക്ക്   നോട്ടീസ്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, പി. നിഖിൽ എന്നിവർക്കാണ് ആദ്യം നോട്ടീസ് നൽകിയതെന്നാണ് വിവരം. ഇഡി കൈമാറിയ രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാണ് എസ്ഐടി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലായിരിക്കും എസ്ഐടിയുടെ പ്രാഥമിക അന്വേഷണം കേന്ദ്രീകരിക്കുക. ഇഡി റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുകൾ, റിയാസിന്റെ സുഹൃത്തുക്കളുടെ പങ്ക്, സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പരിശോധിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ എസ്ഐടി അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമോ എന്നതും അന്വേഷണത്തിന് ശേഷം നിയമോപദേശം തേടി തീരുമാനിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക