
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം ഇസ്രായേല്‍ സൈന്യം വെടിവെച്ചിടാന്‍ നീക്കം നടത്തി എന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് അടിയന്തര സന്ദേശം പൊടുന്നനെ നിലക്കുകയും ബന്ധപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്ത വേളയിലാണ് വിമാനം വെടിവെച്ചിടാന്‍ ഇസ്രായേല്‍ സേന ഒരുങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി വിമാനം സൗദി അറേബ്യയിലേക്ക് തിരിയുകയും തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 182 പേരില്‍ 90 ശതമാനവും ഇസ്രായേല്‍ പൗരന്മാരായിരുന്നു. എന്നിട്ടും വിമാനം വെടിവെച്ചിടാന്‍ ഇസ്രായേല്‍ നോക്കി എന്നാണ് സിബിഎസ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്. ഇസ്രായേലില്‍ വിമാനം ഇടിച്ചിറക്കി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലത് വിമാനം ആകാശത്ത് വച്ച് തകര്‍ക്കുന്നതാണ് എന്ന വികാരമായിരുന്നു ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്.
ദുബായില്‍ നിന്ന് വിമാനം പറയുന്നുയര്‍ന്ന് അല്‍പ്പ നേരത്തിന് ശേഷമാണ് കോക്ക്പിറ്റില്‍ സംഘര്‍ഷമുണ്ടായത്. സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഈ വേളയില്‍ വിമാനം അതിവേഗം താഴേക്ക് വന്നു. വിമാനം തകരുമെന്ന ഘട്ടമെത്തവെയാണ് പൈലറ്റ് കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതും യാത്രക്കാര്‍ക്ക് കോക്ക്പിറ്റില്‍ കയറാന്‍ അവസരം ലഭിച്ചതും. ഇതോടെ യാത്രക്കാരിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്തു.
വിമാനത്തില്‍ നിന്ന് ഇസ്രായേലിലേക്ക് അടിയന്തര സന്ദേശം ഇതിനകം പോയിരുന്നു. എന്നാല്‍ പിന്നീട് സന്ദേശം നിലച്ചു. ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. ഈ വേളയിലാണ് വിമാനം ജനവാസ മേഖലയില്‍ ഇടിച്ചിറക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി വിവിധ ഉദ്യോഗസ്ഥ സമിതികള്‍ യോഗം ചേര്‍ന്നതും വ്യോമ അതിര്‍ത്തി ഇസ്രായേല്‍ അടച്ചതും.
ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ ഉടനെ സജ്ജമായി. വിമാനം ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു. ജോര്‍ദാന്റെ വ്യോമപരിധിയില്‍ കയറി വിമാനത്തിന്റെ അകത്തെ സാഹചര്യം നിരീക്ഷിക്കാനും ഇസ്രായേല്‍ ശ്രമിച്ചു. വിമാനം റാഞ്ചിയതാണോ എന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. റാഞ്ചിയതാണ് എന്ന് ഉറപ്പായാല്‍ വെടിവെച്ചിടാനായിരുന്നു നീക്കം. അങ്ങനെ ചെയ്താല്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുമായിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവ് കൂടി ലഭിക്കാന്‍ സൈന്യം കാത്തിരുന്നു. എന്നാല്‍ അതിനിടെയാണ് വിമാനം സൗദി അറേബ്യയുടെ അതിര്‍ത്തിയിലേക്ക് തിരിഞ്ഞത്. സൗദി സൈന്യവും സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ വിമാനത്തില്‍ നിന്ന് സന്ദേശം ലഭിക്കുകയും തബൂക്കില്‍ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.