
കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടപ്പെട്ട കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. ചെറുവത്തൂർ സ്വദേശി വാസുദേവ കോണൂരായ നൽകിയ ഹർജിയിലാണ് കാസർകോട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സാച്ചെലവായും 5,000 രൂപ കോടതിച്ചെലവായുമാണ് ഹോട്ടൽ ഉടമകൾ നൽകേണ്ടത്.
2024 ഓഗസ്റ്റ് 26-നാണ് പദ്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിനുമായി വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ രൂപ്മഹൽ ഹോട്ടലിൽ 3,500 രൂപയുടെ എ.സി മുറിയെടുത്തത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കഠിനമായ മൂട്ടകടിയേൽക്കുകയായിരുന്നു. ദേഹമാസകലം തടിച്ചതിനെയും ചൊറിച്ചിലിനെയും തുടർന്ന് ഹോട്ടൽ റിസപ്ഷനിൽ പറയുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കുടുംബം മടങ്ങിയത്.
നാട്ടിലെത്തിയ ശേഷം ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേനയാണ് വാസുദേവ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ഹോട്ടൽ അധികൃതരുടെ ആവശ്യം തള്ളിയ കമ്മീഷൻ, ചികിത്സാ രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്. ഉത്തരവ് വന്ന് ഒരു മാസത്തിനകം തുക കൈമാറണം.