
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ചെളി വാരിയെറിഞ്ഞ ഒന്ന് ഒഹായോ ഗവർണർ മത്സരമാണെന്നു 'ന്യൂ യോർക്ക് ടൈംസ്' വിലയിരുത്തി. ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമിയാണ് ഇവിടെ റിപ്പബ്‌ളിക്കൻ സ്ഥാനാർഥി. എതിർക്കുന്ന ഡെമോക്രാറ്റ് മുൻ ആരോഗ്യ വകുപ്പ് മേധാവി ഡോക്ടർ ആമി ആക്ടൺ.
സർവേകളിൽ ആക്ടണ് നേരിയ ലീഡുണ്ട്. പത്രം സിയന്ന യൂണിവേഴ്സിറ്റിക്കൊപ്പം നടത്തിയ പോളിംഗിൽ അതു കണ്ടു. എന്നാൽ റിപ്പബ്ലിക്കൻ ഭരണം രണ്ടു പതിറ്റാണ്ടെത്തിയ സ്റ്റേറ്റിൽ രാമസ്വാമിക്കു പ്രതീക്ഷ തെല്ലും കുറവല്ല. നയപരിപാടികളിൽ ഇരുവർക്കും തമ്മിൽ ഏറെ വ്യത്യാസമുണ്ടെങ്കിലും അവരുടെ പരസ്യങ്ങൾ ചെളിവാരി എറിയുന്നതിൽ ശ്രദ്ധ വച്ചു കാണുന്നു.
രാമസ്വാമി തട്ടിപ്പു നടത്തിയാണ് പണമുണ്ടാക്കിയതെന്നു ഡെമോക്രാറ്റുകൾ ആരോപിക്കുമ്പോൾ ആക്ടൺ മദ്യപാനിയാണെന്നും അവരുടെ കുടുംബജീവിതം താറുമാറാണെന്നും മറുപക്ഷം ആരോപിക്കുന്നു.
ആക്ടൺ ഗുളികകൾ കഴിക്കുന്നതിനെ വരെ രാമസ്വാമി പക്ഷം കുറ്റമായി കാണുന്നു. വ്യാജനെന്ന ആരോപണം നേരിടുന്ന രാമസ്വാമിയെ സർവേയിൽ കൂടുതൽ പേർ എതിർക്കുന്നുണ്ട്. ആക്ടണു എതിരാളികളേക്കാൾ കൂടുതൽ അനുയായികളാണ് ഉള്ളത്.
രാമസ്വാമിയാണ് പരസ്യത്തിന് കൂടുതൽ പണം മുടക്കുന്നത്. 2019ൽ കൊളംബസിൽ ആക്ടൺ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്നു മകൾ പോലീസിൽ വിളിച്ചു പറഞ്ഞു എന്നതാണ് മിക്ക പരസ്യങ്ങളുടെയും വിഷയം. പോലീസിനു നടപടി എടുക്കാൻ തക്ക വിഷയമൊന്നും ഉണ്ടായില്ലെങ്കിലും രാമസ്വാമി കാമ്പയ്ൻ അതൊരു വലിയ വിഷയമാക്കുന്നു.
മൈഗ്രെയ്ൻ, പ്രഷർ എന്നിവയ്ക്കാണ് ആക്ടൺ മരുന്ന് കഴിക്കുന്നത്. എന്നാൽ അവർ അക്രമിയും അസ്ഥിര വ്യക്തിയുമാണെന്നു റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു.
ട്രംപ് ഭരണത്തിനു തിരിച്ചടി നൽകാൻ ജനം തയ്യാറെടുക്കുമ്പോൾ ഇത്തരം പരസ്യങ്ങൾ കൊണ്ടു ദോഷമല്ലാതെ ഒന്നും റിപ്പബ്ലിക്കന്മാർക്ക് ആഗ്രഹിക്കാനില്ലെന്നു നിരീക്ഷകർ പറയുന്നു.
എന്നാൽ ഗവർണറാവാൻ അവർക്കു യോഗ്യതയില്ലെന്നു സ്ഥാപിക്കാൻ മാത്രമുള്ള പരസ്യത്തിൽ പറയുന്നതൊക്കെ വാസ്തവമാണെന്നാണ് രാമസ്വാമി കാമ്പെയ്ൻ പറയുന്നത്.
തനിക്കും കുടുംബത്തിനും എതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആരോപിക്കുന്ന രാമസ്വാമിയുമായി ഡിബേറ്റ് നടത്താൻ തയാറില്ലെന്ന് ആക്ടൺ പറഞ്ഞു.
Ohio governor campaign seen most vicious