
ഇറാനുമായി ബന്ധപ്പെട്ട ആളുകൾ യുകെ ഫെയർഫോർഡിലെ റോയൽ എയർ ഫോഴ്സ് വ്യോമ താവളത്തിനു ഭീഷണി ഉയർത്തിയതു കൊണ്ടാണ് യുഎസ് ബോംബർ വിമാനങ്ങൾ അവിടന്നു പിൻവലിച്ചതെന്നു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞു. ഇറാൻ ഈ താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി യുഎസ് വിമാനങ്ങൾ തകർക്കുകയും നിരവധി സൈനികരെ കൊല്ലുകയും ചെയ്യാൻ പദ്ധതിയിട്ടുവെന്നു യുഎസ്, യുകെ ഉദ്യോഗസ്ഥന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്.
"ചില ഭീഷണികൾ ഉണ്ടായിട്ടുണ്ട്" എന്നു മാത്രമാണ് ട്രംപ് പറഞ്ഞത്. "ആ വിമാനങ്ങൾ എന്തിനവിടെ കിടക്കണം?" അദ്ദേഹം ചോദിച്ചു. കൂടുതൽ വ്യക്തമായി അദ്ദേഹം പറഞ്ഞില്ലെങ്കിലും ഡ്രോൺ ഭീഷണി തന്നെയാണ് വിമാനങ്ങൾ പിൻവലിക്കാൻ കാരണമെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു.
തെക്കൻ ഇംഗ്ലണ്ടിലെ താവളത്തിൽ നിന്നു 12 ബി-1 ബോംബറുകളാണ് യുഎസ് പിൻവലിച്ചത്. ഇവ ഇറാനിൽ ബോംബിങ് നടത്താൻ ഉപയോഗിച്ചിരുന്നു.
ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സിയാണ് ഡ്രോൺ ആക്രമണ പദ്ധതി തയാറാക്കിയതെന്നു ബ്രിട്ടിഷ് ഉദ്യോഗസ്ഥർ പറഞ്ഞു.
സെപ്റ്റംബർ 27നു ബ്രിട്ടീഷ് പോലീസ് ഫെയർഫോർഡിൽ നിന്ന് അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. പിന്നാലെ ലണ്ടനിൽ നിന്ന് ഇറാൻ ബന്ധമുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. അയാളെ ചോദ്യം ചെയ്തു വരികയാണ്.
Iran drone threat forced US bomber pullout from UK